മലപ്പുറം: താനൂർ കസ്റ്റഡികൊലപാതകത്തിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.
2023 ഓഗസ്റ്റ് ഒന്നിനാണ് പോലീസ് കസ്റ്റഡിയിലിരിക്കെ മമ്പുറം മാളിയേക്കല്‍ വീട്ടില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെ താമിര്‍ ജിഫ്രി മരിച്ചു. ക്രൂരമര്‍ദനമേറ്റാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ പോലീസിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഡാന്‍സാഫ് സംഘത്തിലെ ഉദ്യോഗസ്ഥരുടെ മര്‍ദനത്തെത്തുടര്‍ന്നാണ് മരണമെന്നായിരുന്നു ആരോപണം.
താമിര്‍ ജിഫ്രി ഉള്‍പ്പടെയുള്ള യുവാക്കളെ ചേളാരിയിലെ വാടകമുറിയില്‍ നിന്നാണ് ഡാന്‍സാഫ് സംഘം കസ്റ്റഡിയില്‍ എടുത്തത്. താമിര്‍ ജിഫ്രി ക്രൂരമര്‍ദനത്തിനു ഇരയായതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍. ദേഹത്ത് 21 പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. അമിതമായ അളവിലുള്ള മയക്കുമരുന്ന് ഉള്ളില്‍ച്ചെന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതാണ് മരണകാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
കസ്റ്റഡിമരണത്തില്‍ പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ കുടുംബം നേരത്തേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പ്രതികളെ അറസ്റ്റുചെയ്തില്ലെന്നും കുടുംബം പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കേസ് സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: