ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിലുള്‍പ്പെട്ടുവെന്ന സംശയത്തില്‍ മൂന്ന് ഇന്ത്യക്കാരെ കനേഡിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ കരണ്‍ ബ്രാര്‍ (22), കമല്‍പ്രീത് സിംഗ്, (22), കരണ്‍പ്രീത് സിംഗ്, (28) എന്നിവര്‍ ആല്‍ബര്‍ട്ടയില്‍ താല്‍ക്കാലിക താമസക്കാരാണെന്ന് പോലീസ് പറഞ്ഞു.
അതേസമയം ‘പുതിയ സംഭവവികാസങ്ങള്‍ ഇന്ത്യ-കാനഡ ബന്ധത്തെ ബാധിക്കുക മാത്രമല്ല, കാനഡയില്‍ സ്വന്തം പൗരന്മാര്ക്ക് ദോഷകരമാകുന്ന തരത്തില്‍ അക്രമത്തിന്റെയും ക്രിമിനല്‍ സ്വഭാവത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുമെന്നും’ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ മുന്നറിയിപ്പു നല്കി.
2023 ജൂണ്‍ 18-ന് സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്തുവച്ചാണ് നിരവധി ഭീകരവാദ കുറ്റങ്ങളില്‍ പ്രതിയായ, ഇന്ത്യയില്‍ തെരയുന്ന കനേഡിയന്‍ പൗരന് നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ കൊലപാതകത്തില്‍ ‘ഇന്ത്യന്‍ ഏജന്റുമാരുടെ’ പങ്ക് ആരോപിച്ചത് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തിന് വഴിതുറന്നിരുന്നു. ‘അസംബന്ധം’ എന്നാണ് കാനഡയുടെ നിലപാടിനെ ഇന്ത്യ അന്ന് വിശേഷിപ്പിച്ചത്. വിഘടനവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനും കാനഡ രാഷ്ട്രീയ അഭയം നല്‍കുന്നുവെന്ന് ഒരിക്കല്‍ കൂടി കാണിക്കുന്നുവെന്നും അന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: