‘തസ്യ തേ വീര കാരസ്യ
ന കിംചിത് പരിഹാസ്യതേ
ഏഷാ സാ മാം ചോദയാമി
ഏതം യാഃ കാര്യം സാധ്യയിഷ്യതി’ എന്നാണ് ജാംബവാന് അംഗദനോടു പറയുന്നത്. എത്ര സുവ്യക്തവും ദൃഢവുമായ വാക്കുകള്‍. തളര്‍ന്ന, തകര്‍ന്നടിഞ്ഞ മനസ്സിന് പ്രത്യൗഷധമാകുന്ന വാക്കുകള്‍.
‘ഹേ വീരാ, ഈ ദൗത്യം നിന്നെ ഭാരമേല്പ്പിക്കപ്പെട്ടതാണ്. ഇത് പാതിവഴിയില്‍ ഉപേക്ഷിച്ച് നീ പരിഹാസ്യനാകാന്‍ പാടില്ല. ഈ ദൗത്യം സാധ്യമാക്കാന്‍ പോന്നവന്‍ ആരോ അവനെ ഞാന്‍ അതിനു സജ്ജനാക്കാം’ എന്ന ഉറപ്പാണ് ജാംബവാന് അംഗദനു നല്‍കുന്നത്. ഞാന്‍ ശ്രമിച്ചുനോക്കാം എന്ന വാഗ്ദാനമല്ല, മറിച്ച് ഞാന്‍ സജ്ജനാക്കാം എന്ന പരിപൂര്‍ണമായ ഉറപ്പ്. അതിനുശേഷമാണ് കൂട്ടത്തില്‍ നിന്നുമാറി, ശാന്തചിത്തനും എന്നാല്‍ ആലോചനാമഗ്നനുമായിരിക്കുന്ന ഹനുമാനെ ജാംബവാന് സമീപിക്കുന്നത്.
‘വീര വാനര ലോകസ്യ
സര്വശാസ്ത്രവിദാം വര’ എന്ന അഭിസംബോധനയോടെയാണ് ഹനുമാനോടു ജാംബവാന് സംസാരിച്ചു തുടങ്ങുന്നത്. ജാംബവാന്റെ അടുത്ത ചോദ്യം നീയെന്താണ് മിണ്ടാതിരിക്കുന്നത് എന്നാണ്. സമുദ്രതരണം തനിക്കു സാധ്യമെന്നു ഹനുമാന് ഉറപ്പുണ്ടെന്നും എന്നാല്‍ എന്തോ ചില ചിന്തകള്‍ ഹനുമാനെ പിന്നോട്ടു വലിക്കുന്നു എന്നും വ്യക്തമായി മനസ്സിലാക്കിക്കൊണ്ടുള്ള മനശാസ്ത്രപരമായ സമീപനം.
‘ഹനുമാന് ഹരി രാജസ്യ
സുഗ്രിവസ്യ സമോ ഹി അസി
രാമ ലക്ഷ്മണയോഹ ച അസി
തേജസാ ച ബലേന ച’
ഹനുമാന്, നീ സുഗ്രീവനും രാമലക്ഷ്മണന്മാര്ക്കും തുല്യമായ തേജസ്സും ബലവും ഉള്ളവനാണ് എന്ന ബോധ്യപ്പെടുത്തലാണ് അടുത്തത്. നൂറുകോടി വാനരന്മാരില് നീ വെറും ഒരുവന് മാത്രമല്ല നീ, കൂട്ടത്തില്‍ അഗ്രിമസ്ഥാനം അലങ്കരിക്കുന്ന മൂവര്‍(രാമ, ലക്ഷ്മണ, സുഗ്രീവന്മാര്)ക്കു തുല്യനായ നാലാമനാണു നീ എന്ന കരുത്തുപകരല്‍.
പക്ഷേ ഉപരിപ്ലവമായ വാക്കാല്‍ മാത്രം ഉണര്‍ത്താവുന്നതല്ല ആത്മവിശ്വാസം. അത് ആത്മസ്പര്‍ശിയായ വാക്കിനാല്‍ മാത്രം ഉണര്‍ത്തപ്പെടുന്നതാണ്. പൈതൃകം കൊണ്ട് നീയെത്ര കരുത്തനെന്ന് ജാംബവാന് തുടര്‍ന്നു ഹനുമാനെ ഓര്‍മ്മപ്പെടുത്തുന്നത് അതിനാലാണ്.
ബാല്യത്തിലെ വീരസാഹസങ്ങളുടെ ഓര്‍മ്മയുണര്‍ത്തലാണ് പിന്നെ. കുഞ്ഞായിരിക്കേ സൂര്യനെ നോക്കി മുന്നൂറുയോജന ചാടി ഉയര്‍ന്നതും ചണ്ഡകിരണന്റെ കടുത്ത ചൂടിലും കരിയാതിരുന്നതും മേഘമാലകളെയും ഉയര്ന്നുഗമിച്ചപ്പോള് അതിശക്തമായ ഇടിമിന്നല്‍(വജ്രായുധം) ഏറ്റിട്ടും പ്രാണഹാനി വരാതെ നിലംതൊട്ടതും ഹനു മുറിഞ്ഞ് ഹനുമാന് എന്ന പേരു സിദ്ധിച്ചതും ഒക്കെ ഓര്‍മ്മപ്പെടുത്തിയ ശേഷം ഒരു പ്രധാന കാര്യം കൂടി ജാംബവാന് ഹനുമാനോടു പറയുന്നുണ്ട്.
മനുഷ്യനെന്നോ മൃഗമെന്നോ പക്ഷിയെന്നോ ഭേദമില്ലാതെ ജീവികള്‍ക്കെല്ലാം ഉള്ള പൊതുഭയം പ്രാണഭയമാണ്. സീതാന്വേഷണത്തിനു ദക്ഷിണദിക്കിലേക്ക് സുഗ്രീവന് നിയോഗിച്ച സേനയില്‍ അംഗദന് ഉള്‍പ്പെടെ ഒട്ടേറെവീരന്മാര് സമുദ്രതരണത്തിനു ശക്തരായിരുന്നു. എന്നാല്‍ അവരെ അതിന് അശക്തരാക്കിയത് ലങ്കയിലേക്കു തനിച്ചു ചെന്നാല്‍ പ്രാണഹാനി സംഭവിക്കുമോ എന്ന ഭയം ആയിരുന്നു.
ഈ വസ്തുതകൂടി മനസ്സില്‍വച്ചാണ്, നീ അസ്ത്രശസ്ത്രങ്ങളാല്‍ വധ്യനല്ലെന്നും നിനക്ക് സ്വച്ഛന്ദമൃത്യുവെന്ന വരം ബ്രഹ്മദത്തമായി ലഭിച്ചിട്ടുണ്ടെന്നുമുള്ള കാര്യം ജാംബവാന് ഹനുമാനെ ഓര്‍മ്മപ്പെടുത്തുന്നത്.
ഒന്നോ രണ്ടോ കുട്ടികളുള്ള ഒരു വീട്ടില്‍ ഏതെങ്കിലും ഒരാളെ വിളിച്ച് ഒരു കാര്യം ചെയ്യാന്‍ അച്ഛനോ അമ്മയോ ആവശ്യപ്പെട്ടാല്‍ ഉടന്‍ വരുന്ന ചോദ്യമുണ്ട്. എന്തിനു ഞാന്‍ ചെയ്യണം? അവന് ചെയ്താലെന്താ? എന്ന്. ഈ ചോദ്യം ഹനുമാന് ഉന്നയിക്കുന്നതിനു മുമ്പേ അതിനുള്ള ഉത്തരവും കൊടുക്കുന്നു ജാംബവാന്.
(തുടരും..)
പ്രതികരിക്കാൻ ഇവിടെ എഴുതുക: