റോം: ഇറ്റാലിയന്‍ ക്ലബ്ബ് എഎസ് റോമയെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ജര്‍മന്‍ ക്ലബ്ബ് ബയെര്‍ ലെവര്‍കുസന്റെ തേരോട്ടം. ചരിത്രത്തില്‍ ആദ്യമായി ജര്‍മന്‍ ലീഗ് ബുന്ദസ് ലിഗയില്‍ ജേതാക്കളായതിന് പിന്നാലെയാണ് ടീമിന്റെ തകര്‍പ്പന്‍ കുതിപ്പ് തുടരുന്നത്. റോമയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്നലെ തോല്‍പ്പിച്ചത്.
തോല്‍വി അര്‍ഹിക്കുന്ന കളിയല്ല റോമ ഇന്നലെ കളിച്ചത് പക്ഷെ തോല്‍ക്കാനായിരുന്നു വിധി. മത്സരത്തില്‍ പലപ്പോഴും ലെവര്‍കുസനെക്കാള്‍ ഒരുപടി മുന്നിട്ടു നിന്നത് റോമയാണ് 28-ാം മിനിറ്റില്‍ ലെവര്കുസന് നടത്തിയ കൗണ്ടര്‍ അറ്റാക്കിനെ റോമ പ്രതിരോധം മികച്ച രീതിയില്‍ പൂട്ടിയതാണ്. പക്ഷെ ഗുരുതരമായ പിഴവില്‍ ഗോള്‍ വഴങ്ങാന്‍ സ്വയം വഴിയൊരുക്കുകയായിരുന്നു. മുന്നേറ്റതാരം ഫ്ളോറിയന്‍ വിര്‍ട്സ് ആണ് ഗോളടിച്ചത്. ആദ്യപകുതിയില്‍ ഈ ഒരു ഗോളിന് ലെവര്കുസന് മുന്നിട്ടു നിന്നു.
രണ്ടാം പകുതിയില്‍ റോമ മുന്നേറ്റത്തില്‍ വീഴ്ച്ചവരുത്തിയില്ല. പക്ഷെ വീണ്ടും സ്കോര്‍ ചെയ്തത് ലെവര്കുസന് ആണ്. റോമ താരങ്ങള്‍ പ്രതീക്ഷിക്കാതെ നിന്ന നേരത്ത് ലെവര്കുസന് പ്രതിരോധ താരം റോബര്‍ട്ട് ആന്‍ഡ്രിച്ച് തൊടുത്ത ലോങ് റേഞ്ചര്‍ വലയിലെത്തുകയായിരുന്നു. കളിക്ക് 73 മിനിറ്റെത്തിയപ്പോഴായിരുന്നു. ഇത്.
സ്വന്തം കാണികള്‍ക്ക് മുന്നില്‍ റോമ കളിക്കാര്‍ വാലിന് തീപിടിച്ചപോലെ പൊരുതി. ഗോളെന്നുറച്ച അവസരങ്ങള്‍ പലകുറി സൃഷ്ടിച്ചിട്ടും പന്ത് വലയില്‍ പ്രവേശിക്കാന്‍ മാത്രം മടിച്ചുനിന്നു. അടുത്ത വ്യാഴാഴ്ച ലെവര്‍കുസന്റെ തട്ടകത്തിലാണ് രണ്ടാംപാദ മത്സരം.
യുവേഫ യൂറോപ്പ ലീഗില്‍ ഇന്നലെ നടന്ന മറ്റൊരു ആദ്യപാദ സെമി സമനിലയില്‍ കലാശിച്ചു. ഫ്രഞ്ച് ക്ലബ്ബ് മെഴ്സെലെയും ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്ലാന്റയും ആണ് ഓരോ ഗോള്‍ വീതം നേടിയ സമനിലയില്‍ പിരിഞ്ഞത്. മെഴ്സെയുടെ കളിത്തട്ടിലായിരുന്നു ആദ്യപാദം. രണ്ടാം പാദം അടുത്ത വ്യാഴാഴ്ച്ച അറ്റ്ലാന്റയുടെ മൈതാനത്ത് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: