മുംബൈ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കയറുകയായിരുന്ന ഓഹരി വിപണിയില്‍ കരടികള്‍ ഇറങ്ങിയ ദിവസമായിരുന്നു വെള്ളിയാഴ്ച. വിപണിയുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം ലാഭമെടുപ്പാണ്. വെള്ളിയാഴ്ച രാവിലെ ഒരു ഘട്ടത്തില്‍ സെന്‍സക്സ് 75000ലും നിഫ്റ്റി 22700ലും എത്തിയതായിരുന്നു. ഇതോടെയാണ് കഴിഞ്ഞ ഒരു വര്‍ഷമായി ലാഭം കൊയ്തിരുന്ന ഓഹരി നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിക്കാന്‍ തുടങ്ങിയത്. ഇതോടെ ഓഹരി വിലകള്‍ താഴ്ന്നു.
(കരടികള്‍ ( Bears) എന്ന് വിളിക്കുന്നത് ഓഹരിവില താഴും എന്ന് ബെറ്റ് വെയ്ക്കുന്ന ഓഹരി ദല്ലാളന്മാരെ വിളിക്കുന്ന പേരാണ്. ധാരാളം പേര് വില കുറയും എന്ന് പറഞ്ഞ് ബെറ്റ് വെയ്ക്കുമ്പോള്‍ സ്വാഭാവികമായും ആ ഓഹരിയുടെ വില കുറയുന്നു. അങ്ങിനെ വില വല്ലാതെ ഇടിയുന്ന ദിവസത്തെ കരടികള്‍ പിടിമുറുക്കി എന്ന് വിശേഷിപ്പിക്കുക പതിവാണ്. അത്തരമൊരു ദിവസമായിരുന്നു വെള്ളിയാഴ്ച.)
കോവിഡ് 19 മഹാമാരിയെക്കുറിച്ചുള്ള ആശങ്കയും ഡോളര്‍ പലിശ നിരക്ക് കൂട്ടേണ്ടതില്ലെന്ന അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വിന്റെ തീരുമാനവും വിപണിയില്‍ ആശങ്ക പരത്തിയിരുന്നു. ഇതും കരടികള്‍ ഓഹരി വിപണിയില്‍ പിടിമുറുക്കാന്‍ കാരണമായെന്ന് വിലയിരുത്തുന്നു. വന്‍തോതിലാണ് ഓഹരികള്‍ വിറ്റഴിക്കപ്പെട്ടത്. ഇതോടെ വിവിധ കമ്പനികളുടെ ഓഹരിവില കുത്തനെ താഴ്ന്നു. റിലയന്‍സ്, എല്‍ ആന്റ് ടി എന്നീ ഓഹരികള്‍ വരെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി.
സെന്‍സെക്സ് 732 പോയിന്റിന്റെ നഷ്ടംരേഖപ്പെടുത്തിയപ്പോള് നിഫ്റ്റി 172 പോയിന്റോളം ഇറങ്ങി. കഴിഞ്ഞ ദിവസം 75000ല്‍ തൊടുന്നു എന്ന തോന്നിച്ചിരുന്ന സെന്‍സെക്സ് ഇപ്പോള്‍ 73878 പോയിന്റ് എന്ന നിലയിലാണ്. അതേ സമയം നിഫ്റ്റി 22,475ല്‍ എത്തി.
അതേ സമയം ബജാജ് ഫിനാന്‍സ് രാവിലെ 9.40ന് ഏകദേശം 2.62 ശതമാനം കയറിയിരുന്നു. 6882 രൂപയില്‍ നിന്നും 7368 വരെ ഉയര്‍ന്നിരുന്നു. അതായത് ബജാജ് ഫിനാന്‍സ് ഓഹരി വില ഏകദേശം 386 രൂപയോളം ഉയര്‍ന്നു. ഇതിന് പ്രധാനകാരണം റിസര്‍വ്വ് ബാങ്ക് ബജാജ് ഫിനാന്‍സിന്റെ ഉല്പന്നങ്ങള് വില്‍ക്കുന്നതിനുള്ള വിലക്ക് പിന്‍വലിച്ചതോടെയായിരുന്നു ഈ കയറ്റം. എങ്കിലും ഉച്ചയ്ക്ക് ശേഷം വിപണി തകര്‍ന്നപ്പോള്‍ ബജാജ് ഫിനാന്‍സും തകര്‍ന്നു- ലാഭം 44 രൂപയില്‍ ഒതുങ്ങി.
ക്യാപിറ്റല്‍ ഗുഡ്സ്, ഓട്ടോ, ബാങ്കിംഗ് ഷെയറുകള്‍ വീണു. ഗ്രാസിം(1.81%), ഡോ. റെഡ്ഡീസ് ലാബ്സ് ((1%), കോള്‍ ഇന്ത്യ(4.56%) എന്നീ ഓഹരികള്‍ ഉയര്‍ന്നു. മാരുതി സുസുകി(2.45%), നെസ് ലെ(2.24%), റിലയന്‍സ്(2.22%), എയല്‍ ടെല്‍(2.04%), എല്‍ ആന്റ് ടി(2.7%) എന്നീ കമ്പനികളുടെ ഓഹരികള്‍ വലിയ നഷ്ടം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: