പട്യാല: പഞ്ചാബില്‍ പുതിയ തേരോട്ടത്തിന് ചുക്കാന്‍ പിടിക്കുകയാണ് പട്യാലയുടെ മഹാറാണി. മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ്ങിന്റെ പ്രിയ പത്നി, ഒരു കാലത്ത് പഞ്ചാബില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അവസാന വാക്കായിരുന്നവള്… ഇക്കുറി പട്യാലയില്‍ മോദിയുഗത്തിന് തുടക്കം കുറിക്കാന്‍ പ്രതിജ്ഞ ചെയ്തിറങ്ങിയ പോരാളി… പ്രണീത് കൗര്‍. പട്യാലയുടെ മുക്കും മൂലയും കൈയിലെ വരകള്‍ പോലെ സുപരിചിതമാണ് പ്രണീതിന്.
നാല് തവണ പ്രണീതിനെ പിന്തുണച്ച പട്യാല ഇക്കുറി പാര്‍ട്ടി മാറി അഞ്ചാമതും കളത്തിലിറങ്ങിയ മഹാറാണിക്കൊപ്പമാണ്. പ്രണീതിനും മുമ്പേ ബിജെപിയിലെത്തിയതാണ് അമരിന്ദര്‍. 2022ല്‍. ഇക്കുറി പ്രണീതും ബിജെപിയുടെ ഭാഗമായി. കോണ്‍ഗ്രസിന്റെ രാജ്യവിരുദ്ധത, പാര്‍ട്ടിയിലെ കുടുംബവാഴ്ച… മടുത്താണ് പ്രണീത് ബിജെപിയിലേക്ക് മാറിയത്. 1999ല്‍, 2004ല്‍, 2009ല്‍ പട്യാലയില്‍ നിന്ന് വിജയിച്ച പ്രണീത് 2014ല്‍ ഡോ. ധരംവീര ഗാന്ധിയോട് തോറ്റു. 2019ല്‍ വീണ്ടും മണ്ഡലം പിടിച്ചു. പതിനാലും പതിനഞ്ചും ലോക്സഭകളില്‍ ഏറ്റവും കൂടുതല്‍ എംപി ഫണ്ട് ചെലവിട്ട പത്ത് എംപിമാരില്‍ ഒരാളായി പ്രണീത് മാറി.
ജനപ്രിയയാണ് പ്രണീത്. വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ദീദി. തന്റെ ഓരോ വോട്ടറെയും പേരെടുത്ത് വിളിക്കുന്ന പരിചയം. 2014 മുതല്‍ ക്യാപ്റ്റന്‍ അമരിന്ദറിന്റെ രാഷ്ട്രീയ തട്ടകമാണ് പട്യാല. ഇരുപതാണ്ട് പട്യാല ആ കുടുംബത്തോടൊപ്പമായിരുന്നു. നാഭ, പട്യാല റൂറല്‍, രാജ്പുര, ദേരബസി, ഘനോര്, സനൗര്‍, പട്യാല, സമാന, ശുത്രാന എന്നീ നിയമസഭാമണ്ഡലങ്ങള്‍ അടങ്ങുന്നതാണ് പട്യാല ലോക്സഭാ മണ്ഡലം. അമരിന്ദറിന്റെ അച്ഛന് മഹാരാജാ ഭൂപീന്ദര്‍ സിങ്ങിന്റെ കൊട്ടാരം മോതിബാഗ് പാലസ് പാട്യാലയുടെ പൈതൃക സ്വത്താണ്. ബാദി നദിയുടെ തീരത്തെ ഈ മനോഹര നഗരം പ്രണീതിലൂടെ അതിന്റെ പ്രൗഡിയിലേക്കുള്ള യാത്രയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: