കൊച്ചി: അനധികൃത റിസോര്‍ട്ടില്‍ ബാര്‍ ഒരുക്കി ലഹരിപ്പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ഉടമ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ കേസെടുക്കണമെന്ന പരാതിയില്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ് തെളിവെടുപ്പ് നടത്തി. ഒരു മാസത്തിനകം ആഭ്യന്തര സെക്രട്ടറി നടപടിയെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്. പരാതിക്കാരനായ മലപ്പുറം ജില്ലാ വിവരാവാകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റും സാമൂഹിക പ്രവര്‍ത്തകനുമായ കെ.വി ഷാജിക്ക് ഹാജരായി രേഖകള്‍ സമര്‍പ്പിച്ചു. എക്സൈസ് ഉദ്യോഗസ്ഥരും വിചാരണക്ക് ഹാജരായിരുന്നു. ലഹരിപാര്‍ട്ടി നടത്തിയതിന് പി.വി അന്‍വറിനെതിരെ കേസെടുക്കണമെന്നും നാവികസേന ആയുധസംഭരണ ശാലക്ക് സമീപം നിയമം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടം രാജ്യസുരക്ഷക്ക് ഭീഷണിയായതിനാല്‍ കേന്ദ്ര ഏജന്‍സികളെ അറിയിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു.
കൊച്ചിയിലെ അനധികൃത റിസോര്‍ട്ടില്‍ ബാര്‍ സജ്ജീകരിച്ച് ലഹരി പാര്‍ട്ടി നടത്തിയതിന് ഉടമസ്ഥനായ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ കേസെടുക്കണമെന്ന പരാതിയില്‍ ഒരു മാസത്തിനകം ആഭ്യന്തര സെക്രട്ടറി നടപടിയെടുക്കണമെന്നാണ് ഏപ്രില്‍ രണ്ടിന് ഹൈക്കോടതി ഉത്തരവിട്ടത്. ഇതില്‍ വീഴ്ചവരുത്തിയാല്‍ പരാതിക്കാരന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
പി.വി അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള ആലുവ എടത്തലയിലെ ജോയ് മാത്യു റിസോര്‍ട് എന്ന നമ്പറിടാത്ത അനധികൃത കെട്ടിടത്തില്‍ ലഹരിപാര്‍ട്ടി നടക്കുന്നതിനിടെ 2018 ഡിസംബര്‍ എട്ടിന് രാത്രി പതിനൊന്നരക്ക് ആലുവ എക്സൈസ് സി.ഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്. ഇവിടെ നിന്നും അഞ്ചു പേരെ അറസ്റ്റു ചെയ്യുകയും മദ്യമടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഏതെങ്കിലും കെട്ടിടത്തില്‍ അനധികൃതമായി മദ്യം നിര്‍മ്മിക്കുകയോ വില്‍പ്പന നടത്തുകയോ സൂക്ഷിക്കുകയോ ചെയ്താല്‍ അബ്ക്കാരി നിയമം 64 എ പ്രകാരം കെട്ടിട ഉടമക്കെതിരെയും കേസെടുക്കേണ്ടതാണ്. എന്നാല്‍ പി.വി അന്‍വറിനെതിരെ കേസെടുക്കാതെ കെട്ടിടം സൂക്ഷിപ്പുകാരനായ അലി അക്ബറിനെ സാക്ഷിയാക്കിയാണ് ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എക്സൈസ് കുറ്റപത്രം സമര്‍പ്പിച്ചത്.
നമ്പറിടാത്ത അനധികൃത കെട്ടിടത്തില്‍ ബാര്‍ കൗണ്ടര്‍ ഒരുക്കിയാണ് അനധികൃത മദ്യവില്‍പ്പനയും ലഹരിപാര്‍ട്ടിയും നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന് കണ്ടെത്തിയിരുന്നു. എന്നിട്ടും ഉടമസ്ഥനായ അന്‍വറിനെതിരെ കേസെടുക്കാത്തതിനെതിരെ ബാഹ്യ ഏജന്‍സിയെകൊണ്ട് അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഷാജി ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്നടപടിയുണ്ടാകാഞ്ഞതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
എടത്തലയില്‍ നാവികസേനയുടെ ആയുധസംഭരണ ശാലക്ക് സമീപം പ്രതിരോധ ഗസറ്റ് വിജ്ഞാപന പ്രകാരം അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിച്ച സ്ഥലത്താണ് അന്‍വറിന്റെ കെട്ടിടത്തില്‍ ലഹരി പാര്‍ട്ടി നടന്നത്.
ന്യൂഡല്‍ഹിയിലെ കടാശ്വാസ കമ്മീഷന് 2006 സെപ്തംബര്‍ 18ന് നടത്തിയ ലേലത്തിലാണ് പി.വി അന്‍വര്‍ മാനേജിങ് ഡയറക്ടറായ പീവീസ് റിയല്‍റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 99 വര്‍ഷത്തെ പാട്ടത്തിന് സപ്തനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടലിനും റിസോര്‍ട്ടിനുമായി നിര്‍മ്മിച്ച ഏഴുനില കെട്ടിടം ഉള്‍പ്പെടുന്ന 11.46 ഏക്കര്‍ ഭൂമി സ്വന്തമാക്കിയത്. എടത്തല വില്ലേജില്‍ ഇതിന്റെ നികുതി അടക്കുന്നതും അന്‍വറിന്റെ പേരിലാണ്.
രാജ്യ സുരക്ഷയെപ്പോലും അതീവഗൗരവമായി ബാധിക്കുന്നതായിട്ടും നാവികസേന ഔദ്യോഗിക കത്ത് നല്‍കിയിട്ടും ലഹരി പാര്‍ട്ടി നടന്ന അനധികൃത കെട്ടിടത്തിനെതിരെ നടപടിയെടുക്കാത്ത എറണാകുളം ജില്ലാ കളക്ടര്‍, എടത്തല ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കെതിരെ നടപടിസ്വീകരിക്കണമെന്നും വിചാരണയില്‍ ഷാജി ആവശ്യപ്പെട്ടു.
99 വര്‍ഷം പാട്ടാവകാശം മാത്രമുള്ള ഭൂമി പി.വി അന്‍വര്‍ നികുതി അടച്ച് സ്വന്തമാക്കിയത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യം ഉന്നയിച്ചു.
പാട്ടാവകാശമുള്ള ഭൂമി സ്വന്തം ഭൂമിയാണെന്നു കാണിച്ച് പി.വി അന്‍വര്‍ 14 കോടി വായ്പ നേടിയതിലും വായ്പാ തട്ടിപ്പിലും അന്വേഷണം ആവശ്യപ്പെട്ടു.
നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ പി.വി അന്‍വര്‍ മാനേജിങ് ഡയറക്ടറായ പീവീസ് റിയല്‍റ്റേഴ്സ പ്രൈവറ്റ് ലിമിറ്റഡ്പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ടു.
കൊച്ചിയിലെ ആയുധ സംഭരണ ശാലക്ക് സമീപം അതീവ സുരക്ഷാമേഖലയിലെ കെട്ടിടം കമ്പനി സ്വന്തമാക്കിയതിലും ഡയറക്ടര്മാരിലൊരാള്ക്ക് വിദേശ രാജ്യ ബന്ധമുള്ളതിനാലും രാജ്യസുരക്ഷക്ക് ഭീഷണിയായ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്നത് പരിശോധിക്കണമെന്നും ഇത് സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പ്രതിരോധ മന്ത്രാലയത്തിനും കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരണയില്‍ 6 രേഖകളും ഷാജി ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: