ആരാണു ചരിത്രത്തിലെ ആദ്യ മോട്ടിവേഷണല്‍ സ്പീക്കര്‍? മഹാഭാരത യുദ്ധാരംഭത്തില്‍, ധര്‍മ്മക്ഷേത്രമായ കുരുക്ഷേത്രത്തിന്റെ ഇരു ഭാഗത്തുമായി പരന്ന 18 അക്ഷൗഹണിപ്പട കണ്ട് ക്ലീബാവസ്ഥയിലായ അര്‍ജ്ജുനനെ ഗീതോപദേശം ചെയ്തു യുദ്ധസന്നദ്ധനാക്കിയ ഭഗവാന് ശ്രീകൃഷ്ണന് എന്നാവും പല പുരാണപ്രേമികളുടേയും ഉത്തരം.
എന്നാല്‍ ചരിത്രത്തിലെ ആദ്യ മോട്ടിവേറ്റര്‍ മനുഷ്യനല്ല, ഒരു ശ്രേഷ്ഠ വാനരനാണ്. അസാധ്യമെന്നു കരുതുന്നതിനെ സാധ്യമാക്കാന്‍ വേണ്ട ആത്മബലം അരുളലാണല്ലോ മോട്ടിവേറ്ററുടെ ധര്‍മ്മം. ആദ്യ മോട്ടിവേറ്റര്‍ വാനരനായതിനാല്‍ മോട്ടിവേറ്റ് ചെയ്യപ്പെട്ടതും ഒരു വാനരന് തന്നെ. ജാംബവാനും ഹനുമാനുമാണ് ഇവര്‍.
കിഷ്ക്കിന്ധാ കാണ്ഡത്തില്‍ സമുദ്രതരണം എങ്ങനെ സാധ്യമാകുമെന്നോര്‍ത്ത് വാനരയൂഥം വിഷണ്ണരായിരിക്കുന്ന വേളയിലാണ് വയോവൃദ്ധനും ജ്ഞാനവൃദ്ധനുമായ ജാംബവാന്റെ ശ്രദ്ധേയ ഇടപെടല്‍ ഉണ്ടാകുന്നത്. മോട്ടിവേഷന്‍ എന്ന ആംഗല വാക്കിനു തുല്യമായ ‘ചോദയാമി’ എന്ന സംസ്കൃതപദം തന്നെ ആദികവി ഈ സര്‍ഗങ്ങളില്‍ ആവര്‍ത്തിച്ച് ഉപയോഗിച്ചിരിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.
ഇതിഹാസ കാവ്യമായ രാമായണത്തില്‍ മനുഷ്യനായല്ല, മറിച്ചു കപികുലശ്രേഷ്ഠനായാണ് വിവരിക്കപ്പെടുന്നതെങ്കിലും ഇന്നത്തെ ‘പ്രേരണാപ്രഭാഷകന്മാര്’ക്കില്ലാത്ത ഒരുപാടു ഗുണങ്ങളുണ്ടായിരുന്നു ചരിത്രത്തിലെ ഈ ആദ്യമോട്ടിവേറ്റര്ക്ക്. വാനരയൂഥത്തിനു നടുക്കായിരുന്നിട്ടും ഇന്നത്തെ മോട്ടിവേറ്റര്മാരെപ്പോലെ ആ യൂഥത്തെ ഒന്നായി മോട്ടിവേറ്റ് ചെയ്യാന്‍ ജാംബവാന് ശ്രമിക്കുന്നില്ല. രണ്ടേ രണ്ടുപേരെ മാത്രമാണ് ഈ കപിശ്രേഷ്ഠന് പ്രചോദിപ്പിക്കുന്നത്. ആദ്യം വാനരയൂഥത്തിന്റെ നായകനായ അംഗദനെ. രണ്ടാമതായി ഹനുമാനെയും.
ഇന്നത്തെ വാട്സാപ്പ്, ഫെയ്സ്ബുക്ക് മോട്ടിവേറ്റര്‍മാര്‍ കാടടച്ച് നാടോടെ സര്‍വ്വരേയും മോട്ടിവേറ്റ് ചെയ്യാന്‍ പണിപ്പെടുമ്പോള്‍, ആരെ പ്രചോദിപ്പിച്ചാലാണോ ലക്ഷ്യപ്രാപ്തിയുണ്ടാവുക, അവരെ മാത്രമാണ് ജാംബവാന് മോട്ടിവേറ്റ് ചെയ്യുന്നത്. പാത്രമറിഞ്ഞുള്ള ദാനം.
ഇന്നത്തെ മോട്ടിവേറ്റര്മാരൊക്കെ എവിടുന്നോ വായിച്ചറിഞ്ഞതോ ഫോര്‍വേഡ് ചെയ്യപ്പെടുന്ന വിഡിയോകളിലെ ആശയം കടമെടുത്തോ വാചാടോപത്തിലൂടെ ധനസമ്പാദനം മാത്രം ലക്ഷ്യമിടുന്നവരാണ്. എന്നാല്‍ എന്തു കാര്യത്തിനാണോ മോട്ടിവേറ്റ് ചെയ്യുന്നത്, ആ കാര്യം ഏറ്റവും ഭംഗിയായി നിര്‍വഹിച്ച, പ്രായോഗിക പരിജ്ഞാനവും അംഗീകാരവും സിദ്ധിച്ച വ്യക്തിയെ തന്നെയാണ് വാല്മീകി മോട്ടിവേറ്റര്‍ ആക്കിയത്.
അറിവും അനുഭവ പരിജ്ഞാനവും ഉള്ളവനേ നല്ല മോട്ടിവേറ്റര്‍ ആകാനാവൂ എന്നും, ആള്‍ക്കൂട്ടത്തെയല്ല മോട്ടിവേറ്റ് ചെയ്യേണ്ടത്, മറിച്ച് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഉചിതരായവരെ തിരിച്ചറിഞ്ഞ് അവരെ മോട്ടിവേറ്റ് ചെയ്താലേ ലക്ഷ്യപ്രാപ്തി കൈവരൂ എന്നുമാണ് വാല്മീകി കിഷ്കിന്ധാ കാണ്ഡത്തിലൂടെ പറഞ്ഞവയ്ക്കുന്നത്.
ഇന്നത്തെ അസംഖ്യം മോട്ടിവേറ്റര്‍മാരും ശീതികരിച്ച വലിയ ഓഡിറ്റോറിയങ്ങളില്‍ അവര്‍ നടത്തുന്ന ക്ലാസുകളും കമിഴ്ത്തിവച്ച കുടത്തിനു പുറത്തൊഴിച്ച ജലംപോലെ നിഷ്ഫലമായി പോകുന്നതിന്റെ കാരണം കൂടിയാണ് ഇവിടെ സൂചിപ്പച്ചത്.
സമുദ്രതരണവും സീതാന്വേഷണ ഫലപ്രാപ്തിയും അസാധ്യമെന്നു കരുതി വിഷാദവാനായ വാനരയൂഥ നായകന്(അംഗദന്) ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിക്കുന്ന ഘട്ടത്തില്‍ അംഗദനെ ആണ് ജാംബവാന് ആദ്യം മോട്ടിവേറ്റ് ചെയ്യുന്നത്. മിഷന് കമാന്‍ഡര്‍ ആശങ്കാകുലനും അസ്തപ്രജ്ഞനും ആയാല്‍ മിഷന് അപ്പാടെ പാളും. അതിനാലാണ് ആദ്യംതന്നെ അംഗദനെ പ്രചോദിപ്പിക്കാന്‍ ജാംബവാന് തുനിയുന്നത്.
(തുടരും…)
പ്രതികരിക്കാൻ ഇവിടെ എഴുതുക: