തൃശൂര്‍: സംസ്ഥാനത്തെ കലാകാരന്മാര്ക്ക് കേരള സംഗീത നാടക അക്കാദമി വഴി നല്‍കിവരുന്ന ആരോഗ്യ പരിരക്ഷാ പദ്ധതി നിലച്ചേക്കും. ഇത്തവണ പ്രീമിയം തുക അടയ്ക്കാനായി അക്കാദമി സര്‍ക്കാരിന്റെ സഹായം തേടിയെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തുക അനുവദിച്ചിട്ടില്ല. 31 ലക്ഷം രൂപയെങ്കിലും അടച്ചെങ്കിലേ പദ്ധതി തുടര്‍ന്നുപോകാന്‍ കഴിയു. നിലവില്‍ 840 കലാകാരന്മാര്ക്കാണ് സംഗീത നാടക അക്കാദമിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിരക്ഷയുള്ളത്. നേരത്തെ 2 ലക്ഷം രൂപയുടെ കവറേജ് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഒരു ലക്ഷം രൂപയുടേയായി വെട്ടിക്കുറച്ചു. സൂര്യ കൃഷ്ണമൂര്‍ത്തി അക്കാദമി അധ്യക്ഷനായിരുന്നപ്പോഴാണ് 1200 അധികം കലാകാരന്മാര്ക്ക് ആരോഗ്യ രക്ഷാ പദ്ധതി ഏര്‍പ്പെടുത്തിയത്. പുറത്തുനിന്നുള്ള കലാകാരന്മാരായ ചില സുമനസ്സുകളുടെ സഹായത്തോടെയാണ് പദ്ധതി ആരംഭിച്ചത. പില്ക്കാലത്ത് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാന്‍ തുടങ്ങി. സംഗീതം, നാടകം, മാജിക്, നൃത്തം, മിമിക്രി തുടങ്ങി വിവിധ മേഖലകളിലുള്ളവരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പദ്ധതിയില്‍ പുതുതായി ആരെയും ഉള്‍പ്പെടുത്തുന്നില്ല.
അതേസമയം പദ്ധതിയുടെ അനുകൂല്യം ലഭിക്കുന്നവരുടെ എണ്ണം വെട്ടിക്കുറച്ചതും കവറേജ് പകുതിയാക്കിയതും സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ആക്ഷപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: