കോട്ടയം: കോണ്‍ക്രീറ്റ് മിക്സിങ് യൂണിറ്റിലിട്ട് അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട് സ്വദേശി പാണ്ടി ദുരൈ (29) പിടിയിലായി. അസം സ്വദേശി ലേമാന് കിസ്ക് (19) ആണ് ഏപ്രില്‍ 26ന് കൊല്ലപ്പെട്ടത്. വാകത്താനം ഇരവുചിറക്കു സമീപമുള്ള പ്രീഫാബ് കോണ്‍ക്രീറ്റ് മിക്സിങ് കമ്പനിയില്‍ പ്ലാന്റ് ഓപ്പറേറ്ററായിരുന്ന പാണ്ഡി ദൂരെ അതേ കമ്പനിയിലെ ഹെല്‍പ്പര്‍ ആയിരുന്ന ലേമാനെ കൊന്ന് മാലിന്യകുഴിയില്‍ തളളുകയായിരുന്നു. ജോലിക്കിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത് . ലേമാന് മിക്സിങ്ങ് യൂണിറ്റിന്റെ അകവശം വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോള്‍ പാണ്ടി ദുരൈ യന്ത്രം ഓണ്‍ ചെയ്യുകയായിരുന്നു. ഇതേതുടര്‍ന്ന് ലേമാന് താഴെ വീണപ്പോള്‍ ജെസിബി ഉപയോഗിച്ച് കുഴിയില്‍ തള്ളുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സിസിടിവി ഓഫ് ചെയ്ത ശേഷമാണ് ആസൂത്രിതമായി കൊലപാതകം നടത്തിയത്. 29 ന് മാലിന്യ കുഴിയില്‍ മനുഷ്യന്റെ കൈ ഉയര്ന്നുനില്ക്കുന്നത് കണ്ടതോടെ തെരഞ്ഞപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. വാകത്താനം പോലീസ് നടത്തിയ അന്വേഷണത്തില്‍ സംശയാസ്പദമായ രീതിയില്‍ പെരുമാറിയ പാണ്ടി ദുരൈയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: