ന്യൂഡല്‍ഹി: ഇതിനകം 11 കോടി പ്രേക്ഷകരെ പേടിപ്പെടുത്തിയ കൊറിയന്‍ ഹൊറര്‍ ഫിലിം ‘എക്ഷുമ’ ഇന്ന് ഇന്ത്യയില്‍ റിലീസ് ചെയ്യും. കൊറിയന്‍ ഭാഷയില്‍ തന്നെ ഇംഗ്ലീഷ് സബ്ടൈറ്റിലുകളോടെ 75 സ്ക്രീനുകളിലാണ് റിലീസ്.
‘ഓള്‍ഡ് ബോയ്’ ഫെയിം ചോയ് മിന് സിക്ക്, ‘ഗോബ്ലിന്‍’ നടന് കിം ഗോ യൂന്‍, ‘ദി ഗ്ലോറി’ താരം ലീ ഡോ ഹ്യുന്‍, ‘കോണ്‍ഫിഡന്‍ഷ്യല്‍ അസൈന്മെന്റിലെ’ യൂ ഹായ് ജിന്‍ തുടങ്ങിയ മുന്‍നിര കൊറിയന്‍ താരങ്ങള്‍ അഭിനയിക്കുന്ന ‘എക്ഷുമ’ കൊറിയയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ്. ജാങ് ജെഹ്യുന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഇന്ത്യന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത് ഇംപാക്ട് ഫിലിംസാണ്.
‘പാരസൈറ്റ്’, ‘ബ്രോക്കര്‍’ തുടങ്ങി നിരവധി കൊറിയന്‍ ചിത്രങ്ങള്‍ ഇംപാക്ട് നേരത്തെ ഇന്ത്യയില്‍ റിലീസ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയുന്ന വൈകാരിക പ്രമേയവും പശ്ചാത്തലവും ഈ ചിത്രത്തിനുണ്ടെന്ന് ഇംപാക്ട് വക്താവ് ശര്‍മ്മ പറയുന്നു.
ഒരു സമ്പന്ന കൊറിയന്‍-അമേരിക്കന്‍ കുടുംബത്തെ ബാധിക്കുന്ന ശാപത്തില്‍ നിന്ന് മോചിതരാവാനുള്ള ആഭിചാരങ്ങള്ക്കിടെ പര്‍വതത്തിന് മുകളിലെ ഒരു കുടുംബത്തിന്റെ ശവക്കുഴി തോണ്ടുമ്പോഴുണ്ടാകുന്ന അസ്വസ്ഥജനകമായ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.
‘നിങ്ങളുടെ മുഖത്തും ഹൃദയത്തിലുമല്ല, നട്ടെല്ലിലൂടെ ഒരു വിറയല്‍ നിരന്തരം കടത്തിവിടാന്‍ കഴിവുള്ള വിചിത്രവും ഭീതിതവുമായ അന്തരീക്ഷത്താല്‍ സിനിമ മുഴുവന്‍ മൂടപ്പെട്ടിരിക്കുന്നു’വെന്നാണ് ഈ ചിത്രത്തെക്കുറിച്ചുള്ള ഒരു റിവ്യൂവില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: