തൊടുപുഴ: മാസങ്ങളായി തുടരുന്ന കടുത്ത ചൂടില്‍ വെന്തുരുകി സംസ്ഥാനം. ചൂടുയര്‍ന്നതിനൊപ്പം കൃഷി നാശവും കുടിവെള്ള ക്ഷാമവും രൂക്ഷമാകുന്നു. ഇന്നു നാലു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യതയുണ്ട്. ഇതിനൊപ്പം ഇടുക്കി, വയനാട് ജില്ലകളിലൊഴികെ ഉയര്‍ന്ന താപനില മുന്നറിയിപ്പും.
ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത തുടരുന്നതിനാല്‍ യെല്ലോ അലര്‍ട്ടുണ്ട്. ഏപ്രിലിലെ അവസാന ദിവസങ്ങളില്‍ സംസ്ഥാനത്തു തുടര്‍ച്ചയായ അഞ്ചു ദിവസം ഉഷ്ണ തരംഗമുണ്ടായി. പാലക്കാടാണ് ആദ്യം ഉഷ്ണ തരംഗമുണ്ടായതെങ്കിലും പിന്നീട് തൃശ്ശൂരും ആലപ്പുഴയും ഈ ഗണത്തിലെത്തി. സാധാരണ താപനിലയെക്കാള്‍ അഞ്ചു ഡിഗ്രിയിലധികം രേഖപ്പെടുത്തുന്ന മേഖലകളിലാണ് ഉഷ്ണ തരംഗം സ്ഥിരീകരിക്കുന്നത്.
ആറു വരെ പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി വരെയും കൊല്ലം ജില്ലയില്‍ 39 ഡിഗ്രി വരെയും തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. അടുത്തയാഴ്ച വരെ ഇതു തുടരും. ഏതാണ്ട് 10നു ശേഷം വേനല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും സാധ്യത.
സംസ്ഥാനത്ത് കരയും അറബിക്കടലും ചൂടു പിടിച്ചു കിടക്കുന്നു. തീരത്തോടു ചേര്‍ന്നുള്ള അറബിക്കടല്‍ ഭാഗങ്ങളില്‍ 1.5 മുതല്‍ രണ്ടു ഡിഗ്രി താപനിലയില്‍ വ്യത്യാസമുണ്ട്. ഇതോടെ കരക്കാറ്റ്, കടല്‍ക്കാറ്റ് എന്ന തരത്തില്‍ കാറ്റു വീശിയാലും സംസ്ഥാനം തണുക്കില്ല. ഈ കാറ്റുകളാണ് സംസ്ഥാനത്തെ കാലാവസ്ഥയെ നിയന്ത്രിക്കുന്നത്. രാത്രി താപനിലയിലും വര്‍ധന വരാന്‍ ഇതാണു കാരണം.
സംസ്ഥാനത്ത് ശൈത്യകാലം മുതല്‍ തുടങ്ങിയ കാലാവസ്ഥാ വ്യതിയാനം മൂര്‍ധന്യത്തിലെത്തി നില്ക്കുന്നു. ഓരോ മാസവും കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ പ്രവചനമെത്തുമ്പോള്‍ മഴ പെയ്യുമെന്നും ചൂടു കുറയുമെന്നും ആശിച്ചെങ്കിലും ഒന്നുമുണ്ടായില്ല.
പസഫിക് സമുദ്രത്തിലെ എല്‍ നിനോ പ്രതിഭാസം അവസാനിച്ചെങ്കിലും സംസ്ഥാനത്ത് ചൂടു കൂടുകയാണ്. ഇതിനിടെ മേയിലെ പ്രവചനമെത്തി, ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ക്കു പിന്നാലെ മെയിലും പകല്‍, രാത്രികളിലെ താപനില കൂടും.
മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഈ താപനില വ്യത്യാസം പ്രകടമാണ്. വലിയ വ്യത്യാസമാണ് മുന്‍ മാസങ്ങളെക്കാള്‍ ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. പകല്‍ ചൂട് അഞ്ചു ഡിഗ്രി വരെ കൂടുമ്പോള്‍, രാത്രിയില്‍ ചൂട് മൂന്നു ഡിഗ്രി വര്‍ധിക്കും. മധ്യ-വടക്കന്‍ കേരളത്തില്‍ ചിലയിടത്ത് ഇത് അഞ്ചു ഡിഗ്രി വരെയായി കൂടാം.
അതേ സമയം വേനല്‍ മഴയും തീരെ ആശ്വാസമാകില്ല. ശരാശരിയിലും പാതി വരെ മഴ കുറയും. ചുരുക്കം ചിലയിടങ്ങളില്‍ ഒഴികെ ഈ മഴക്കുറവു പ്രകടമാകും. നിലവിലെ മഴക്കുറവിനു പിന്നാലെ മെയ് കൂടി ചതിക്കുന്നതോടെ കേരളം വറചട്ടിയിലേക്കാകും വീഴുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: