ന്യൂദല്‍ഹി: നിരാശയിലായ കോണ്‍ഗ്രസ് നുണകളും തെറ്റായ വിവരങ്ങളും പ്രീണന രാഷ്ട്രീയവും ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍.
ദല്‍ഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് ദേശീയ വക്താവ് സയ്യിദ് സഫര്‍ ഇസ്ലാം, ഗോപാല്‍ അഗര്‍വാള്‍ എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ജിഎസ്ടി ശേഖരണത്തില്‍ 2.1 ലക്ഷം കോടി എന്ന ചരിത്രപരമായ നേട്ടം കൈവരിച്ചതായും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ മാറ്റിമറിച്ച, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണനേട്ടങ്ങളാണ് ബിജെപി തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുന്നത്. ജിഎസ്ടി, പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രകടനം, അഴിമതിരഹിത വികസനം തുടങ്ങിയ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ബിജെപി പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇതിനെക്കുറിച്ച് സംസാരിക്കുന്നില്ല. പകരം പ്രീണനമാണ് കോണ്‍ഗ്രസിന്റെ പ്രധാന നയം. ഭാരതത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനോ പൗരന്മാരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരുന്നതിനോ കോണ്‍ഗ്രസിന് പുതിയ ആശയങ്ങള്‍ ഒന്നും മുന്നോട്ടുവെക്കാനില്ല.
തെരഞ്ഞെടുപ്പിനെ ജനാധിപത്യത്തിന്റെ ആഘോഷമായാണ് ബിജെപി കാണുന്നത്. അതേസമയം രണ്ടു ദിവസം മുമ്പ് ഇന്‍ഡി സഖ്യത്തിന്റെ പ്രതിനിധി തെരഞ്ഞെടുപ്പിനെ ജിഹാദ് എന്ന് വിശേഷിപ്പിച്ചു. ഇന്നലെ ഒരു പാകിസ്ഥാന് മന്ത്രി ഈ അഭിപ്രായത്തെ അംഗീകരിച്ചു. വികസനത്തിനും രാജ്യത്തിന്റെ ഭാവിക്കും ഊന്നല്‍ നല്കി ക്രിയാത്മകമായ പ്രചാരണമാണ് ബിജെപി നടത്തുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രചാരണം നുണകളും തെറ്റായ വിവരങ്ങളും അടിസ്ഥാനമാക്കിയാണ്. വീഡിയോകള്‍ എഡിറ്റ് ചെയ്ത് സംവരണത്തെക്കുറിച്ച് തെറ്റായ വിവരണം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. മുസ്ലിം വോട്ടുകള്‍ ഏകീകരിക്കാനാണ് കോണ്‍ഗ്രസ് ഈ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പ്രതിസന്ധിയിലായ സമ്പദ്വ്യവസ്ഥയില് നിന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലേക്ക് മാറ്റുകയും മൂന്നാം സ്ഥാനം നേടാനുള്ള ശ്രമത്തിലുമാണ്. പൊതുജനങ്ങള്‍ കോണ്‍ഗ്രസിന് നിരവധി അവസരങ്ങള്‍ നല്‍കിയെങ്കിലും അവര്‍ ജനങ്ങളെ വഞ്ചിച്ചെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: