തിരുവനന്തപുരം: നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്ത സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെയും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എക്കെതിരെയും കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
സംഭവത്തില്‍ പോലീസിനും കെഎസ്ആര്‍ടിസിക്കും ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. ഡ്രൈവര്‍ക്കെതിരെ കേസെടുത്ത പോലീസ് മേയറെയും എംഎല്‍എയെയും സംരക്ഷിച്ചത് ഇരട്ടനീതിയാണ്. ബസില്‍ സിസിടിവിയില്ലെന്ന് ആദ്യം പറഞ്ഞ കെഎസ്ആര്‍ടിസി പിന്നീട് ഉണ്ടെന്ന് സമ്മതിക്കുകയും മെമ്മറി കാര്‍ഡ് മുക്കുകയും ചെയ്തത് സിപിഎം നേതാക്കളെ സംരക്ഷിക്കാനാണ്. എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടത് ഗൗരവകരമാണ്. മേയര്‍ നിഷേധിച്ചെങ്കിലും എ.എ. റഹീം എംപി പോലും ഇത് സമ്മതിച്ചിരിക്കുകയാണ്. പിണറായി ഭരണത്തില്‍ എന്തും നടക്കുമെന്നതിന്റെ ഉദാഹരണമാണ് തിരുവനന്തപുരത്ത് കണ്ടത്.
മെമ്മറി കാര്‍ഡ് മാറ്റിയത് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരും സിപിഎം യൂണിയന്‍ നേതാക്കളും ചേര്‍ന്നാണെന്ന് ഉറപ്പാണ്. ഇതില്‍ കണ്ടക്ടറുടെ പങ്കും അന്വേഷിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: