നെടുമ്പാശേരി: ആലുവ കൊണ്ടോട്ടി ബസ്റ്റോപ്പിൽ രാത്രി വർത്തമാനം പറഞ്ഞു കൊണ്ടിരുന്നവരെ ആക്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. മലപ്പുറം കച്ചേരിപ്പടി വലിയോറ മണാട്ടിപ്പറമ്പ് പറക്കോടത്ത് വീട്ടിൽ മുഹമ്മദ് ഫൈസൽ (38), ആലപ്പുഴ ചേർത്തല കുത്തിയതോട് ബിസ്മി മൻസിലിൽ സനീർ (31), തൃക്കാക്കര കുസുമഗിരി കുഴിക്കാട്ട്മൂലയിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ സ്വദേശി സിറാജ് (37), ചാവക്കാട് തളിക്കുളം പണിക്കവീട്ടിൽ മുബാറക്ക് (33), തിരൂരങ്ങാടി ചേറൂർ കണ്ണമംഗലം പറമ്പത്ത് സിറാജ് (36) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ചൊവ്വര കൊണ്ടോട്ടി ബസ് സ്റ്റോപ്പിനു സമീപം വർത്തമാനം പറഞ്ഞ് കൊണ്ടിരുന്നവരെയാണ് ഇരുചക്ര വാഹനത്തിലും കാറിലുമായെത്തിയ സംഘം ആക്രമിച്ചത്. സംഭവ സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറും സംഘം അടിച്ചു തകർത്തു. സംഭവശേഷം അക്രമികൾ കടന്നു കളഞ്ഞു.
വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ. ആക്രമണശേഷം കടന്നു കളഞ്ഞ പ്രതികളെ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മണിക്കൂറുകൾക്കുള്ളിൽ പിടികൂടി.
പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ, ആയുധങ്ങൾ എന്നിവ പോലീസ് കണ്ടെടുത്തു. സംഭവ സ്ഥലം ജില്ലാ പോലീസ് മേധാവി സന്ദർശിച്ചു. ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. കൃത്യവും ശാസ്ത്രീയവുമായ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. പോലീസ് പല സംഘങ്ങളായി തിരിഞ്ഞ് രാത്രി അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.
എസ്.പി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ എ.എസ്.പി ട്രെയ്നി അഞ്ജലി ഭാവന, ഡി.വൈ.എസ്.പി എ പ്രസാദ്, ഇൻസ്പെക്ടർ ടി.സി മുരുകൻ, സബ് ഇൻസ്പെക്ടർമാരായ ജെ.എസ് ശ്രീജു, എ.സി സിജു, രാജേഷ് ശ്രീധരൻ ,എ.എസ്.ഐമാരായ റോണി അഗസ്റ്റിൻ, ഇഗ്നേഷ്യസ് ജോസഫ് സീനിയർ സിപിഒ പി ഒ സെബി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: