യുഎഇയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദുബായിലേക്കും തിരിച്ചുമുള്ള 13 വിമാന സര്‍വീസുകള്‍ റദ്ദാക്കി. കനത്ത മഴയും ഇടിമിന്നലും തുടരുന്ന സാഹചര്യത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കനത്ത മഴയെ തുടര്‍ന്ന് പല മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്.
അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായും ദുബായില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന നാല് സര്‍വീസുകളും ഇവിടേക്ക് എത്തേണ്ടിയിരുന്ന ഒമ്പത് സര്‍വീസുകളും റദ്ദാക്കിയതായും ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ സ്ഥിരീകരിച്ചു.
ഇന്നലെ വൈകിട്ട് അബുദാബിയില്‍ തുടങ്ങിയ മഴ ഇന്ന് മുഴുവന്‍ എമിറേറ്റുകളിലേക്കും വ്യാപിക്കുകയായിരുന്നു. അബുദാബിയുള്പ്പെടെ എല്ലാ എമിറേറ്റുകളിലും ശക്തമായ മഴ ലഭിച്ചു. കനത്തമഴ രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും കാര്യമായി ബാധിച്ചു.
അബുദാബിയുടെ ചില ഭാഗങ്ങളില്‍ വെള്ളക്കെട്ടും ജബല്‍ അലി, അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ദുബായ് ഇന്‍ഡസ്ട്രിയല്‍ സിറ്റി, ദുബായ് ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക്, ജുമൈറ വില്ലേജ് ട്രയാംഗിള്‍ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റും റിപ്പോര്‍ട്ട് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതുവരെ നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍ കരുതലുകള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ദിവസങ്ങള്‍ മുന്‍പുണ്ടായ മഴയില്‍ ഗതാഗത തടസം നേരിട്ടിരുന്നു. വ്യോമഗതാഗതം താറുമാറായത് യാത്രക്കാര്‍ക്ക് തിരിച്ചടിയായി. കാലാവസ്ഥാ കേന്ദ്രത്തിന്റെ മഴ മുന്നറിയിപ്പുകളെ തുടര്‍ന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി മുന്‍കരുതലുകളെടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ദുബായില്‍ ഫെറി സര്‍വീസും ഇന്റര്‍ സിറ്റി ബസ് സര്‍വീസും നിര്‍ത്തിവച്ചു റാസല്‍ ഖൈമയില്‍ മണ്ണിടിച്ചിലില്‍ റോഡ് തകര്‍ന്നു. അല്‍ ശുഹാദാ സ്ട്രീറ്റ് എക്സിറ്റിന് സമീപമാണ് സംഭവം. കനത്ത മഴയെ നേരിടാന്‍ ശക്തമായ മുന്നൊരുക്കങ്ങള്‍ യുഎഇ നേരത്തെ തന്നെ നടത്തിയിരുന്നു രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇന്നും നാളെയും വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുളള സാഹചര്യമാണുളളത്. രാജ്യത്തെ സ്കൂളുകളില്‍ ഇന്ന് അധ്യയനം ഓണ്‍ലൈന്‍ മുഖേനയായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. അതേസമയം ഉച്ചയോടെ മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. നാളെ ഉച്ചയോടെ അന്തരീക്ഷം സാധാരണ നിലയിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: