തിരുവനന്തപുരം: അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതിന് നിരോധിച്ച ഒടിടി ആപ്പുകളും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളും പേര് മാറ്റി വീണ്ടും രംഗത്ത്. കേരളത്തിലും ഇത്തരം പ്ലാറ്റ് ഫോമുകളുടെ എണ്ണം കൂടിവരികയാണ്. ഇതിലേക്കായുള്ള സിനിമകളുടെ നിര്‍മ്മാണവും നടന്നുവരുന്നുണ്ട്.
മലയാളം ഒടിടി ആപ്പായ യെസ്മ ഉള്‍പ്പെടെയുള്ള രാജ്യത്തെ വിവിധ പ്ലാറ്റ് ഫോമുകളെയായിരുന്നു കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചത്. ഇതില്‍ യെസ്മ ഉള്‍പ്പെടെയുള്ള പല ആപ്പുകളും പുതിയ പേരില്‍ നിരോധിത കണ്ടന്റുകള്‍ വീണ്ടും കാഴ്ചക്കാരിലേക്കെത്തിക്കുകയാണ്.
സിഗ്മ സീരീസ് സീരീസ് എന്ന പേരിലാണ് യെസ്മ നിരോധനത്തെ മറികടക്കുന്നത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അശ്ലീലവും ചൂഷണവും അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു 19 വെബ് സൈറ്റുകളും പത്ത് ആപ്പുകളും 57 സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും സര്‍ക്കാര്‍ നിരോധിച്ചത്.
അശ്ലീലവും സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ ചിത്രീകരിക്കുന്നതുമാണ് ഇത്തരം പ്ലാറ്റ് ഫോമുകളുടെ ഉള്ളടക്കമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിരോധിക്കപ്പെട്ട എല്ലാ സിനിമകളും ഹ്രസ്വ ചിത്രങ്ങളും പുതിയ പേരിലുള്ള ആപ്പിലൂടെ വീണ്ടും കാഴ്ചക്കാരിലെത്തിക്കുകയാണ് യെസ്മയുടെ അണിയറ പ്രവര്‍ത്തകര്‍ ചെയ്യുന്നത്.
ഒടിടി പ്ലാറ്റ് ഫോമുകളിലെ വീഡിയോകള്‍ക്ക് സെന്‍സര്‍ഷിപ്പ് ബാധകമല്ലെന്ന നിയമം മറയാക്കിയായിരുന്നു അശ്ലീല, പോണ്‍ വീഡിയോകള്‍ മലയാളത്തില്‍ ഉള്‍പ്പെടെ ഒരുക്കിയിരുന്നത്. എന്നാല്‍ ഐടി നിയമത്തിലെ സെക്ഷന്‍ 67,67 എ, ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 292,1986 ലെ സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമത്തിലെ സെക്ഷന്‍ 4 എന്നിവയുടെ ലഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടിയെടുക്കുകയും ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയുമായിരുന്നു.
നേരത്തെയും കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ പല അശ്ലീല വൈബ് സൈറ്റുകളും നിരോധിച്ചിരുന്നുവെങ്കിലും ഇവയെല്ലാം പേര് മാറ്റി വീണ്ടും സജീവമാകുകയായിരുന്നു. ഇതേ മാതൃകയാണ് മലയാളം ഒടിടിയായ യെസ്മ ഉള്‍പ്പെടെ പിന്തുടരുന്നത്. നിരോധിക്കപ്പെട്ട ഡ്രീംസ് ഫിലിംസ്, വൂവി, അണ്‍കട്ട് അഡ്ഡ, ട്രൈഫ്‌ലിക്‌സ്, എക്‌സ് പ്രൈം തുടങ്ങിയവയും നിരോധനം മറികടക്കാന്‍ ഇതേ മാര്‍ഗമാണ് സ്വീകരിക്കുന്നത്.
ഹിന്ദി, മറാത്തി ഭാഷകളിലായിരുന്നു ഇന്ത്യയില്‍ ആദ്യമായി ഇത്തരം ചിത്രങ്ങള്‍ ഒരുക്കിയിരുന്നത്. ഇതിന്റെ സാധ്യത തിരിച്ചറിഞ്ഞാണ് മലയാളത്തിലെ ആദ്യ അഡള്‍ട്ട് ഒണ്‍ലി ഒടിടി എന്ന പ്രഖ്യാപനത്തോടെ യെസ്മ ആരംഭിക്കുന്നത്. നാന്‍സി, സെലിന്റെ ട്യൂഷന്‍ ക്ലാസ്, പാല്‍പ്പായസം, പപ്പടം, പുളിഞ്ചിക്ക, കൊടൈക്കനാല്‍, മുന്തിരിക്കൊത്ത് തുടങ്ങി നിരവധി അശ്ലീല ചിത്രങ്ങള്‍ പുറത്തുവന്നു.
ഒന്നര മണിക്കൂറോളം ദൈര്‍ഘ്യമുള്ള സിനിമയെ രണ്ടോ മൂന്നോ ഭാഗങ്ങളാക്കി വെബ് സീരീസ് എന്ന പേരില്‍ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ചെയ്തിരുന്നത്. എഡിറ്റ് ചെയ്യാത്ത ഭാഗങ്ങള്‍ മറ്റ് വഴികളിലൂടെയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം, അവിഹിത കുടുംബബന്ധങ്ങള്‍ എന്നിങ്ങനെ അനുചിതമായ വിവിധ സന്ദര്‍ഭങ്ങളില്‍ നഗ്‌നതയും ലൈംഗിക പ്രവര്‍ത്തനങ്ങളും ഇത്തരം സിനിമകള്‍ക്കായി ചിത്രീകരിക്കുന്നുവെന്നായിരുന്നു ഐ ടി മന്ത്രാലയം വ്യക്തമാക്കിയത്. ചെറിയ കുട്ടികള്‍ക്കിടയിലേക്ക് വരെ ഇത്തരം ചിത്രങ്ങള്‍ യഥേഷ്ടം എത്തുകയും ചെയ്തിരുന്നു.
യെസ്മയുടെ സിനിമകളില്‍ അഭിനയിച്ച പല അഭിനേതാക്കളും തങ്ങള്‍ വഞ്ചിക്കപ്പെടുകയാണെന്ന് വ്യക്തമാക്കി പരാതിയുമായി രംഗത്തെത്തിയത് അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. സിനിമാ മോഹവുമായെത്തുന്ന യുവതികളെ ഉപയോഗിച്ച് അശ്ലീല വീഡിയോകളും സിനിമകളും ഒരുക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ചൂണ്ടിക്കണിക്കപ്പെട്ടിരുന്നു.
ഇതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികളെ ഉപയോഗപ്പെടുത്തി പോണ്‍ വീഡിയോ പോലെ തന്നെയായിരുന്നു പിന്നീട് യെസ്മ സിനിമകള്‍ ഒരുക്കിക്കൊണ്ടിരുന്നത്. നിരോധിക്കപ്പെടുന്ന ഒടിടി പ്ലാറ്റ് ഫോമുകളും വെബ് സൈറ്റുകളും വളരെ എളുപ്പത്തില്‍ തന്നെ നിരോധിത കണ്ടന്റുകളുമായി വീണ്ടും രംഗത്തെത്തുമ്പോള്‍ പിന്നാമ്പുറത്ത് വഞ്ചിക്കപെടുന്ന ഒരു സ്ത്രീ സമൂഹം ഉണ്ടെന്നുള്ള കാര്യവും വിസ്മരിക്കാവുന്നതല്ല. നിയമം കര്‍ശനമായി നടപ്പില്‍ വരുത്തുന്നതില്‍ അധികൃതര്‍ അനാസ്ഥ കാണിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക