തിരുവനന്തപുരം: നഗരത്തിലെ പത്ത ലക്ഷത്തില്‍പ്പരം വരുന്ന ജനങ്ങള്‍ക്ക് നാണക്കേടും അപമാനവും വരുത്തുന്ന മേയറാണ് നഗരസഭ ഭരിക്കുന്നതെന്നും തലസ്ഥാന ജനതയ്ക്ക് അപമാനമായ മേയര്‍ രാജിവയ്ക്കണമെന്നും ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്.ഗോപന് ആവശ്യപ്പെട്ടു. ബിജെപി അംഗങ്ങളെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേയറും എംഎല്‍എയും മാതൃകാപരമായി പെരുമാറേണ്ട ആളുകളാണ്. അവര്‍ക്ക് പ്രതികരിക്കാം പ്രതിഷേധിക്കാം പരാതികൊടുക്കാം ഒക്കെ ചെയ്യാം. നഗരം ഭരിക്കുന്ന മേയറും അവരുടെ ഭര്‍ത്താവായ എംഎല്‍എയും കൂടി ഗുണ്ടകളെപ്പോലെ നഗരത്തില്‍ കെഎസ്ആര്‍ടിസ് ബസ് തടഞ്ഞിട്ടുകൊണ്ട് നീചമായ പ്രവൃത്തി ചെയ്തത് നഗരസഭയ്ക്ക് അപമാനമാണ്. ഈ നാട്ടിലെ ജനങ്ങളുടെ പ്രതിഷേധത്തില്‍ പങ്ക് ചേര്‍ന്നുകൊണ്ടാണ് ബിജെപിയുടെ കൗണ്‍സിലര്‍മാര്‍ സഭ ബഹിഷ്കരിച്ച് പ്രതിഷേധിക്കുന്നതെന്ന് എം.ആര്. ഗോപന് പറഞ്ഞു. തലസ്ഥാന ജനതയെ മുഴുവന്‍ അപമാലത്തിലാക്കിയ ആര്യാരാജേന്ദ്രന് മേയര്‍ സ്ഥാനം ഒഴിയണം.
നഗരത്തിന്റെ പല ആവശ്യങ്ങള്‍ക്കായി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറെ ഫോണില്‍ വിളിക്കുമ്പോള്‍ മേയര്‍ ഫോണ്‍ എടുക്കാറില്ലെന്നും എം.ആര്.ഗോപന് കുറ്റപ്പെടുത്തി. ഞങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍പോലും കൂട്ടാക്കാതെ മൈക്ക് ഓഫ് ചെയ്ത മേയറുടെ ധിക്കാരത്തിനും ധാര്‍ഷ്ഠ്യത്തിനും എതിരെ ശക്തമായ പ്രതിഷേധം ഇനിയും തുടരുമെന്നും എം.ആര്. ഗോപന് പറഞ്ഞു. യദുവിന് സംരക്ഷണം ആവശ്യമുണ്ടെങ്കില്‍ ബിജെപി നല്‍കും. ഒരു ഡിവൈഎഫ്ഐക്കാരന്റെയും ഭീഷണിക്ക് മുന്നില്‍ യദുവിനെ വിട്ടുകൊടുക്കില്ലെന്നും എം.ആര്. ഗോപന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: