കഴിഞ്ഞ ദിവസം അന്തരിച്ച ടി.ആര്. രാജരാജവര്‍മ്മ എന്ന രാജേട്ടനെ കുറിച്ചുപറയാന്‍ തുടങ്ങിയാല്‍ പലതുമുണ്ടെങ്കിലും നിറഞ്ഞ സ്വയംസേവകത്വത്തിന്റെ ആള്‍രൂപം എന്നു പറയാനും ഓര്‍ക്കാനുമാണ് ആഗ്രഹം, അന്നും ഇന്നും എന്നും. അദ്ദേഹം തനമനധന പൂര്‍വ്വകമായി സംഘത്തെ ഉള്‍ക്കൊണ്ടു. രാജേട്ടനെ പരിചയപ്പെടുന്നത് 1976ലാണ്.
അടിയന്തിരാവസ്ഥ കൊടുംപിരിക്കൊണ്ടിരിക്കുന്ന കാലം. സംഘം നിരോധിക്കപ്പെട്ടിരിക്കുന്നു. അന്നത്തെ വിശാലമായ തൃപ്പൂണിത്തുറ താലൂക്കിന്റെ സംഘപ്രവര്‍ത്തന ചുമതല ഈ ലേഖകനായിരുന്നു. നിരോധിക്കപ്പെട്ട സംഘടനയുടെ പ്രവര്‍ത്തനം “സമാധാന’ കാലത്തെ പ്രവര്‍ത്തനത്തില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമാണല്ലോ. സംഘത്തിനോടു പരിപൂര്‍ണ്ണ പ്രതിബദ്ധതയുള്ള വീടുകളും, വീട്ടുകാരും ആ കാലത്തെ അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനങ്ങളുടെ അവിഭാജ്യ ഘടകങ്ങളായിരുന്നു. അവരുടെ ആതിഥ്യവും അവര്‍ തരുന്ന ഭക്ഷണവും അന്നത്തെ പ്രവര്‍ത്തനങ്ങളുടെ ഊര്‍ജസ്രോതസ്സുകളായിരുന്നു. അന്ന് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ എഞ്ചിനീയിറായിരുന്ന രാജേട്ടന് താലൂക്കിലെ അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്കി. ഈ ലേഖകന്‍ പലപ്പോഴും പാലസ് നമ്പര്‍ 4ലെ ആതിഥ്യശീലങ്ങളുടെ ഗുണഭോക്താവായിരുന്നു. ആ കാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആ വിധം കാര്യങ്ങള്‍ ചെയ്യാന്‍ ധൈര്യമുണ്ടാകുക എന്നത് സര്‍വ്വസാധാരണമല്ലായിരുന്നു.
ആ ദിവസങ്ങളില്‍ തൃപ്പൂണിത്തുറയിലെ മുതിര്‍ന്ന സ്വയംസേവകനായിരുന്ന പ്രൊഫ. ഗോപാലകൃഷ്ണന് സാര്‍ (തൃപ്പൂണിത്തുറ സംസ്കൃത കോളജ് പ്രിന്‍സിപ്പല്‍) വഴിയാണ് രാജേട്ടനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞത്. അദ്ദേഹം സ്വദേശമായ തിരുവല്ലയിലെ ആദ്യകാല സ്വയംസേവകനായിരുന്നു. കൂടാതെ ആ കാലത്ത് പി. മാധവ്ജിയുമായി പലതും സംസാരിച്ചിരിക്കുമ്പോള്‍ രാജേട്ടന് പലപ്പോഴും സംസാരവിഷയമായി. അദ്ദേഹം ഉള്‍പ്പെടെ സംഘത്തിന്റെ ഉയര്‍ന്ന നേതാക്കള്‍ രാജേട്ടന്റെ തിരുവല്ലയിലെ കുടുംബ വീടുകളില്‍ താമസിക്കാറുണ്ടായിരുന്നു എന്ന് മാധവ്ജി പറഞ്ഞതോര്‍ക്കുന്നു.
രാജേട്ടന്റെ അന്തിമകര്‍മ്മങ്ങള്‍ക്കായി തൃപ്പൂണിത്തുറയിലെ കുറച്ചു സംഘപ്രവര്‍ത്തകര്‍ തിരുവല്ലയില്‍ പോയിരുന്നു. അവര്‍ അവിടത്തെ ചില പഴയകാല പ്രവര്‍ത്തകരെ കണ്ടതിനെ കുറിച്ച് പറഞ്ഞിരുന്നു. അവര്‍ പറഞ്ഞത് 1965-1966 കാലത്ത് രാജേട്ടന് ആ പ്രദേശങ്ങളില്‍ പല പുതിയ പ്രദേശങ്ങളിലും സംഘ ശാഖകള്‍ തുടങ്ങുന്നതില്‍ നേതൃത്വം വഹിച്ചു എന്നാണ്. ഒരു കാലത്ത് തൃപ്പൂണിത്തുറയിലെ, പ്രായം കൊണ്ടും ഔദ്യോഗിക സ്ഥാനങ്ങള്‍ കൊണ്ടും സമൂഹമധ്യത്തിലെ അംഗീകാരം കൊണ്ടും മുതിര്‍ന്നവരായ ചിലര്‍ ശാഖാ വേഷത്തില്‍ സാംഘിക്കില്‍ എത്തുകയും കബഡി ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കുകയും പതിവായിരുന്നു. അന്ന് അത് നാട്ടുകാര്‍ക്ക് ഒരു കൗതുക കാഴ്ചയായിരുന്നു. പ്രിന്‍സിപ്പല്‍ ഗോപാലകൃഷ്ണന് സാര്‍, രാജേട്ടന്, കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിംഗ് കമ്പനി ലിമിറ്റഡിലെ ഫൈനാന്‍സ് മാനേജര്‍ സോമശേഖരന്‍ നായര്‍ (സോമന് ചേട്ടന്) എന്നിവരായിരുന്നു ആ പ്രമുഖ സ്വയംസേവകര്‍. ക്രമേണ പി. രവി അച്ഛന്, പ്രൊഫ. നാരായണന് മാസ്റ്റര്‍, വിശ്വനാഥന് (വിശ്വന്ചേട്ടന്) എന്നിവര്‍ ആ നിരയില്‍ ചേര്‍ന്നു. അവരെല്ലാം സ്വയം സംഘ ഗംഗയില്‍ ലയിച്ചു ചേര്‍ന്നു എന്നുമാത്രമല്ല, കൂടുതല്‍ പേരെ സംഘത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു. കൂരിരുട്ടിന്റെയും പോലീസ് വേട്ടയുടെയും അന്തരീക്ഷത്തില്‍ ജീവന് പണയം വെച്ചുള്ള സംഘടനാപ്രവര്‍ത്തനം ദിനചര്യയായിരുന്ന ആ കാലത്തും അത്തരം സമ്പര്ക്കപ്രവര്ത്തനങ്ങള് തുടര്‍ന്നു. രവിഅച്ഛനെ ആദ്യമായി പരിചയപ്പെടുത്താന്‍ ഗോപാലകൃഷ്ണന് സാര്‍ ഈ ലേഖകനെ കൂട്ടിക്കൊണ്ടുപോയത് ഇന്നും ഓര്‍ക്കുന്നു.
രാജേട്ടന് എന്നും ഒരു അടിയുറച്ച സ്വയംസേവകന് ആയിരുന്നു. ഒരു കാലത്ത് തൃപ്പൂണിത്തുറയിലെ അദ്ദേഹത്തിന്റെ ഭവനമായ പാലസ് നമ്പര്‍ 4 ന്റെ ഒരു ഭാഗത്ത് സംഘകാര്യാലയം പ്രവര്‍ത്തിച്ചിരുന്നു. ആ കാലത്ത് അടുത്ത പ്രദേശത്തുനടന്ന ഒരു സംഘര്‍ഷം ഗുരുതരമായ ചില പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിരുന്നു. അന്ന് സ്ഥലത്തെ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ട്ടര്‍ തികഞ്ഞ ഒരു ധാര്‍ഷ്ട്യക്കാരനായിരുന്നു. മര്യാദയുടെ കണിക പോലുമില്ലാത്ത ഒരാള്‍. അയാള്‍ അന്ന് വീട്ടില്‍ കയറി രാജേട്ടനോട് മര്യാദയില്ലാത്ത രീതിയില്‍ പെരുമാറി. പക്ഷെ, അദ്ദേഹം സമചിത്തത വെടിഞ്ഞില്ല. എന്നുമാത്രമല്ല സംഘ കാര്യാലയം അവിടെ തന്നെ തുടര്‍ന്നു.
വൈകിയ പ്രായത്തിലും അനാരോഗ്യത്തിലും, അദ്ദേഹം സംഘപരിപാടികള്‍ മുടക്കിയില്ല. എറണാകുളത്തു നടക്കുന്ന പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. ഫേയ്സ് ബുക്കില്‍ സജീവമായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. അവസാന നിമിഷം വരെ ഉത്തമ സ്വയംസേവകനായി ജീവിച്ചു. കുറച്ച് വര്‍ഷങ്ങള്‍ രാജേട്ടന് തൃപ്പൂണിത്തുറയിലെ സംഘചാലകായും പ്രവര്‍ത്തിച്ചു. ഭാസ്ക്കര്‍ റാവുജി, മാധവ്ജി, ഹരിയേട്ടന് തുടങ്ങിയ ഉന്നത സംഘ നേതാക്കളുമായി രാജേട്ടന് ഉറ്റ ബന്ധം ഉണ്ടായിരുന്നു. രാജേട്ടന് വിഷ്ണു സന്നിധിയില്‍ തന്നെ എത്തിയിട്ടുണ്ടാകുമെന്നുറപ്പാണ്. അദ്ദേഹത്തിന്റെ സന്തപ്ത കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: