ന്യൂദല്‍ഹി: അധികാരത്തിലെത്തിയാല്‍ പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി സംവരണം തട്ടിയെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് പ്രധാനമന്ത്രി. പിന്നാക്ക വിഭാഗങ്ങളുടെ സംവരണം തട്ടിയെടുത്ത് കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് വിഭാഗത്തിന് നല്‍കാനാണ് നീക്കം. പ്രതിപക്ഷത്തിന്റെ ഈ നീക്കം രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടണമെന്ന് മൂന്നാംഘട്ടത്തില്‍ ജനവിധി തേടുന്ന ബിജെപി സ്ഥാനാര്ത്ഥികള്ക്കയച്ച കത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
ഇന്‍ഡി സഖ്യത്തിന്റെ നിലപാട് തുറന്നുകാട്ടുന്ന പ്രചാരണ പരിപാടികള്‍ മണ്ഡലമെങ്ങും നടത്തണം. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും കത്തില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
സാധരണക്കാരായ ജനങ്ങള്‍ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ സ്വത്തുവകകള്‍ അവരുടെ വോട്ട് ബാങ്കിന് കൊടുക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. പാരമ്പര്യനികുതി നടപ്പാക്കുമെന്നതടക്കം അപകടകരമായ നിരവധി നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായി രാജ്യം ഒറ്റക്കെട്ടായി മുന്നോട്ട് വരണം, പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മൂന്നാംഘട്ടത്തില്‍ ജനവിധി തേടുന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന് തുടങ്ങിയവര്‍ക്കെല്ലാം പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചു. 1980കള്‍ മുതല്‍ തനിക്കൊപ്പം സഹകരിച്ച് രാജ്യത്തിന്റെ മുന്നേറ്റത്തിനായി അമിത് ഷാ നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ബിജെപി അധ്യക്ഷനെന്ന നിലയില്‍ ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയാക്കി ബിജെപിയെ വളര്‍ത്തിയതും കേന്ദ്ര ആഭ്യന്തരമന്ത്രിയായി ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതും അമിത് ഷായുടെ മികവിന്റെ ഉദാഹരണങ്ങളായും പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ഭാരതത്തെ 2047ല്‍ വികസിത രാജ്യമാക്കി മാറ്റുന്നതിന് വേണ്ടിയുള്ള മുന്നേറ്റത്തില്‍ ബിജെപിക്ക് ലഭിക്കുന്ന ഓരോ വോട്ടും സഹായിക്കും.
വേനല്‍ച്ചൂട് കടുക്കുന്നതിനാല്‍ തന്നെ വോട്ടര്‍മാരെല്ലാം തന്നെ അതിരാവിലെ വോട്ട് രേഖപ്പെടുത്തണം. ജനങ്ങള്‍ പോളിങ് ബൂത്തിലേക്ക് എത്തുന്നുണ്ടോയെന്ന് ബിജെപി പ്രവര്‍ത്തകര്‍ ഉറപ്പാക്കണം.
എല്ലാ ബൂത്തുകളിലെയും വിജയം കൊണ്ടേ ലോക്സഭാ മണ്ഡലം വിജയിക്കാനാവൂ. വെയിലേറ്റ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്ന ആയിരക്കണക്കിന് പ്രവര്‍ത്തകരെ അഭിനന്ദിച്ച പ്രധാനമന്ത്രി ആരോഗ്യസംരക്ഷണം പ്രവര്‍ത്തകര്‍ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: