ഗുവാഹത്തി: ലോക്സഭാ സ്ഥാനാര്‍ത്ഥിയും എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിലപാട് വ്യക്തമാക്കി ബിജെപി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒരുതരത്തിലും വച്ചുപൊറുപ്പിക്കാനാവില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
ബിജെപിയുടെ നിലപാട് വ്യക്തമാണ്. എന്നും നാരീശക്തിക്കൊപ്പമാണ് ബിജെപി നിലകൊള്ളുന്നത്. സ്ത്രീകള്‍ക്കുനേരെയുള്ള ഏതൊരുതരത്തിലുള്ള അക്രമവും നരേന്ദ്ര മോദി സര്‍ക്കാര്‍ ക്ഷമിക്കില്ലെന്നും ഗുവാഹത്തിയില്‍ ബിജെപി ആസ്ഥാനമായ വാജ്പേയി ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു.
എന്നാല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം വൈകിപ്പിക്കുകയായിരുന്നു. ഇത്തരമൊരു സമയത്ത് പുറത്തിറങ്ങിയതിനാല്‍ വീഡിയോകള്‍ നിങ്ങളുടെ അറിവിലുണ്ടാകുമായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഒരു നടപടിയും സ്വീകരിക്കാത്തത്? ക്രമസമാധാനം സംസ്ഥാന പ്രശ്നമാണ്. പ്രിയങ്ക വാദ്ര ഇക്കാര്യത്തില്‍ ഞങ്ങളോട് ചോദ്യങ്ങള്‍ ചോദിക്കുന്നു. എന്നോടും നരേന്ദ്ര മോദിയോടും ചോദിക്കുന്നതിന് പകരം സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിയോടും ഉപമുഖ്യമന്ത്രിയോടും ചോദിക്കുക. എന്തുകൊണ്ട് അന്വേഷണം നടന്നില്ല? ഞങ്ങള്‍ അന്വേഷണത്തെ അനുകൂലിക്കുന്നു. ജെഡി(എസ്) അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: