വഡോദര(ഗുജറാത്ത്): മോദിയോളം ശക്തനായ ഒരു ദേശീയ നേതാവില്ലെന്ന് ഗുജറാത്തിലെ പ്രമുഖ മുസ്ലീം വിഭാഗമായ ദാവൂദി ബൊഹ്‌റ നേതാവ് അസീസ് കാംപ്‌വാല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവന്നു. വികസന സംരംഭങ്ങള്‍ക്ക് അദ്ദേഹം തുടക്കം നല്കി.
ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. നിര്‍ണായകമായ തീരുമാനങ്ങളെടുത്തു. ബോഹ്‌റ സമൂഹം അദ്ദേഹത്തെ ആരാധിക്കുന്നു, അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നു. രാജ്യം മോദിയുടെ നേതൃത്വത്തില്‍ ലോകത്തിന്റെ ഉയരങ്ങള്‍ കീഴടക്കും, ദാവൂദി ബൊഹ്‌റ സമാജ് സെക്രട്ടറി കൂടിയായ അസീസ് പറഞ്ഞു.
ബൊഹ്‌റ വിഭാഗത്തിലെ അല്‍വി, സുലൈമാനി, ദാവൂദി വിഭാഗങ്ങള്‍ മോദിക്കൊപ്പമാണെന്ന് അല്‍വി ബൊഹ്റ സമുദായത്തിലെ പ്രമുഖനായ സബീന്‍ സോരംഗ്വാല ചൂണ്ടിക്കാട്ടി. മോദിയെയും ബിജെപിയെയും മുസ്ലീംവിരുദ്ധരാക്കി നടത്തിയ പ്രചാരണങ്ങളില്‍ നേരത്തെ ഞങ്ങള്‍ കുടുങ്ങിയിരുന്നു എന്നത് വാസ്തവമാണ്. അന്നത്തെ അന്തരീക്ഷം വ്യത്യസ്തമായിരുന്നു.
ബൊഹ്റ സമുദായാംഗങ്ങള്‍ ബിജെപിയുമായി അടുക്കാനേ ആഗ്രഹിച്ചില്ല, എന്നാല്‍ മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായി വന്നതിനുശേഷം കാര്യങ്ങള്‍ പതുക്കെ പതുക്കെ മാറി. റോഡുകളും വ്യവസായവും വികസിച്ചു. ഓരോ വിഷയവും അദ്ദേഹം മുഖ്യമന്ത്രിയായ ശേഷം കൈകാര്യം ചെയ്യുന്ന രീതി മാതൃകാപരമായിരുന്നു, സോറംഗ്വാല പറഞ്ഞു.
നേരത്തെ ഞങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ഇല്ലായിരുന്നു, അച്ഛനപ്പൂപ്പന്മാര്‍ നടത്തി വന്നിരുന്ന കച്ചവടം തുടരുക മാത്രമായിരുന്നു പോംവഴി. എന്നാല്‍ ഇപ്പോള്‍ എത്ര സ്റ്റാര്‍ട്ടപ്പുകളാണ് ആരംഭിക്കുന്നത്. വ്യവസായ മേഖലകള്‍ അഭിവൃദ്ധിപ്പെട്ടു. സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയും സ്വാതന്ത്ര്യവും ഉയര്‍ന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി.
വഡോദരയില്‍ മാത്രം 18,000ത്തിലേറെ ബൊഹ്റ മുസ്ലീങ്ങള്‍താമസിക്കുന്നുണ്ട്. 2.5 ദശലക്ഷമാണ് ഗുജറാത്തിലെ മുസ്ലീം ജനസംഖ്യ. രാജ്യത്തെ മുസ്ലീം ജനസംഖ്യയുടെ പത്ത് ശതമാനം വരുന്ന ബൊഹ്‌റ സമൂഹം സൂറത്ത്, അഹമ്മദാബാദ്, വഡോദര, മുംബൈ, പൂനെ, നാഗ്പൂര്‍ എന്നിവിടങ്ങളിലാണ് കൂടുതലായും കേന്ദ്രീകരിച്ചിരിക്കുന്നത്. വ്യാപാരമാണ് ബൊഹ്‌റ വിഭാഗത്തിന്റെ വരുമാന മാര്‍ഗം.
കഴിഞ്ഞ വര്‍ഷം മുംബൈയില്‍ ദാവൂദി ബൊഹ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി മോദിയായിരുന്നു. ഞാനും ബൊഹ്റ സമൂഹത്തിലെ ഒരു കുടുംബാം ഗമാണെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. അദ്ദേഹം ആ വാക്ക് എന്നും പാലിക്കുന്നതില്‍ നന്ദിയുണ്ടെന്ന് സോറംഗ്‌വാല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: