ബാഗല്‍കോട്ട് (കര്‍ണാടക): ഭരണമല്ല, കൊള്ളയാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും ടെക് ഹബ്ബ് എന്ന് പേരുകേട്ട കര്‍ണാടകത്തെ അവര്‍ അഴിമതിയുടെ ടാങ്കര്‍ ഹബ്ബാക്കി. 2ജി കുംഭകോണം പോലുള്ള അഴിമതി സ്വപ്നം കാണുന്നവരാണ് കോണ്‍ഗ്രസ് നേതാക്കള്‍, ബാഗല്‍കോട്ടില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലിയെ അഭിവാദ്യം ചെയ്ത് മോദി പറഞ്ഞു.
കര്‍ണാടകത്തില്‍ എന്താണ് നടക്കുന്നത് എന്നതിനെപ്പറ്റി കൃത്യമായ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിനുണ്ട്. ആഭ്യന്തര രഹസ്യങ്ങളായി അവര്‍ സൂക്ഷിക്കുന്ന ചിലത് ഞാന്‍ നിങ്ങളോട് പറയാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് പറ്റാത്ത വിധത്തില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൂപ്പുകുത്തുന്ന കാലം വിദൂരമല്ല. കോണ്‍ഗ്രസ് ആയി, തബാഹി ലായി (കോണ്‍ഗ്രസ് വന്നു, വിനാശവും) എന്ന് അവരുടെ ചരിത്രം തന്നെ വിളിച്ചുപറയുന്നുണ്ട്, മോദി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് പാര്‍ട്ടി കര്‍ണാടകയെ എടിഎം ആക്കി. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇക്കൂട്ടര്‍ സര്‍ക്കാര്‍ ഖജനാവ് കാലിയാക്കി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എംഎല്‍എമാര്‍ക്ക് ഫണ്ട് ലഭിക്കാത്ത വിധം സ്ഥിതി ഗുരുതരമായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നത്തില്‍ സിദ്ധരാമയ്യ സര്‍ക്കാരിനെയും പ്രധാനമന്ത്രി മോദി വിമര്‍ശിച്ചു.
ഹുബ്ബള്ളിയില്‍ ഒരു പാവം പെണ്‍കുട്ടിക്ക് നിരവധി തവണ കുത്തേറ്റപ്പോള്‍ അവള്‍ക്കൊപ്പം നില്‍ക്കാതെ ‘വോട്ട് ബാങ്ക്’ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അപവാദപ്രചരണത്തിന് ഒരുങ്ങുകയാണ് ചെയ്തത്. ഒന്നാം വര്‍ഷ എംസിഎ വിദ്യാര്‍ത്ഥിനിയായിരുന്ന നേഹയെ (21) ഹുബ്ബള്ളി ധാര്‍വാഡിലെ കെഎല്‍ഇ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി കാമ്പസില്‍ വച്ചാണ് മുന്‍ സഹപാഠി ഫയാസ് ഖോഡുനായിക്ക് കുത്തിക്കൊലപ്പെടുത്തിയത്. ഹനുമാന് ചാലിസ’ കേട്ടാല്‍ ആക്രമിക്കുന്ന സാഹചര്യമാണ് അവര്‍ ചുരുങ്ങിയ കാലത്തിനിടയില്‍ സൃഷ്ടിച്ചത്.
അവധിക്കാലം ആസ്വദിക്കുന്നവര്‍ക്ക് രാജ്യത്തിന്റെ വികസനത്തിന് സഹായിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ പേര് പരാമര്‍ശിക്കാതെ പ്രധാനമന്ത്രി പറഞ്ഞു. ‘നിങ്ങളുടെ വോട്ടാണ് മോദിയെ ശക്തിപ്പെടുത്തുന്നത്, അതുണ്ടെങ്കില്‍ രാജ്യം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറും. ഭാരതത്തെ ഒരു നിര്‍മ്മാണ ഹബ്ബും നൈപുണ്യ കേന്ദ്രവുമാക്കുക എന്നതാണ് ലക്ഷ്യം. അവധിക്കാലം ആസ്വദിക്കുന്നവര്‍ക്ക് ഇതൊന്നും നിറവേറ്റാന്‍ കഴിയില്ല. മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: