കല്‍പ്പറ്റ: ചുട്ടുപൊള്ളുന്ന വെയില് വയനാട്ടിലേയും സമീപ ജില്ലയായ നീലഗിരിയിലേയും തേയിലക്കര്ഷകര്ക്ക് പ്രഹരമായി. പച്ചത്തേയില ഉത്പാദനം അഞ്ചിലൊന്നായി കുറഞ്ഞതായി കണക്കുകള്‍. ഉത്പാദനം ഇത്രയേറെ താഴ്ന്നിട്ടും പച്ചത്തേയില വില വര്‍ധിക്കുന്നില്ല എന്നത് കര്‍ഷകര്‍ക്ക് മറ്റൊരു പ്രഹരമാണ്. കിലോയ്ക്ക് 13, 14 രൂപയാണ് ഇപ്പോള്‍ വില.
സാധാരണ ഒരേക്കര്‍ തോട്ടത്തില്‍നിന്ന് മാസം 800 കിലോ വരെ ചപ്പ് ലഭിക്കും. സംസ്കരിക്കുംമുമ്പ് തേയില അറിയപ്പെടുന്നത് ചപ്പെന്നാണ്. വേനല്‍ കനത്തതോടെ തോട്ടങ്ങളില്‍ മാസം ശരാശരി 150 കിലോഗ്രാം പച്ചത്തേയിലയാണ് ഉത്പാദനം. മുന്‍വര്‍ഷങ്ങളില്‍ ഉത്പാദനം കുറഞ്ഞപ്പോള്‍ ഒരുകിലോ പച്ചത്തേയിലയ്ക്ക് 16, 18 രൂപ വരെ വില ലഭിച്ചിരുന്നു. ഉത്പാദനക്കുറവും വില വര്‍ധന ഇല്ലാത്തതും കാരണം വരവും ചെലവും പൊരുത്തപ്പെടാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
പലരും തേയിലക്കൃഷി അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. അപ്പര്‍ നീലഗിരിയിലെ കുന്നൂര്, ഊട്ടി പ്രദേശങ്ങളില്‍ തേയിലത്തോട്ടങ്ങള്‍ വിറ്റൊഴിവാക്കുകയാണ് കര്‍ഷകര്‍. വയനാട്ടിലും ലോവര്‍ നീലഗിരിയിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലും തേയിലക്കൃഷി നിര്‍ത്തി കാപ്പിക്കൃഷി ആരംഭിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.
വയനാട്ടില്‍ വടുവന്‍ചാല്‍, ചുള്ളിയോട്, അമ്പലവയല്‍, മേപ്പാടി, പേരിയ പ്രദേശങ്ങളിലാണ് ചെറുകിട തേയില കൃഷിക്കാര്‍ കൂടുതലുള്ളത്. വയനാട് സ്മോള്‍ സ്കെയില്‍ ടീ ഗ്രോവേഴ്സ് അസോസിയേഷന്റെ കണക്കനുസരിച്ച് ജില്ലയില്‍ ഏകദേശം 6,000 ചെറുകിട തേയില കര്‍ഷകരാണുള്ളത്. 50 സെന്റ് മുതല്‍ ഭൂമിയിലാണ് ഇവര്‍ തേയില കൃഷി ചെയ്യുന്നത്. ചപ്പ് കിലോയ്ക്ക് എട്ടു രൂപയാണ് വിളവെടുപ്പ് കൂലി. ഇതിനൊപ്പം മറ്റ് ചെലവുകളും കൂട്ടുമ്പോള്‍ നഷ്ടത്തിലെത്തുകയാണ് കൃഷി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: