ആലുവ : ഒറ്റ രാത്രി എട്ട് സ്മാർട്ട് ഫോണുകൾ കവർന്ന ഇതര സംസ്ഥാനത്തൊഴിലാളിയായ മോഷ്ടാവിനെ ശാസ്ത്രീയ അന്വേഷണത്തിലൂടെ പോലീസ് പിടികൂടി. ആസാം നാഗോൺ ജാരിയ സ്വദേശി ആഷിക് ഷെയ്ഖ് (30) നെയാണ് ആലുവ പോലീസ് പിടികൂടിയത്.
20 ന് രാത്രി കുട്ടമശേരിയിലെ ബേക്കറി ജീവനക്കാരുടെ മുറിയിൽ നിന്നാണ് വില കൂടിയ എട്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച് കടന്നത്. പ്രതിയെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് മോഷ്ടാവ് മാറമ്പിള്ളിയിലുണ്ടെന്ന് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.
മറ്റ് അതിഥി ത്തൊഴിലാളികൾക്കിടയിലാണ് താമസം. പകൽ സ്ഥലങ്ങൾ കണ്ട് വച്ച് രാത്രിയാണ് മോഷണം. വില കൂടിയ മൊബൈൽ ഫോണുകളാണ് ഇയാൾ പ്രധാനമായും ലക്ഷ്യമിടാറുള്ളത്. മോഷ്ടിക്കുന്ന ഫോണുകൾ അതിഥി ത്തൊഴിലാളികൾക്ക് വിൽപ്പന നടത്തും.
കഴിഞ്ഞ വർഷം പെരുമ്പാവൂരിലെ ഒരു വീട്ടിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ആറ് മാസത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത് അടുത്തിടെയാണ്. വേറെയും മോഷണക്കേസുകൾ ഇയാളുടെ പേരിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി മൊബൈൽ ഫോണുകൾ കണ്ടെടുക്കും.
ഇൻസ്പെക്ടർ എം.എം മഞ്ജുദാസ്, എസ്.ഐ എസ്.എസ് ശ്രീലാൽ, എ.എസ്.ഐ അബ്ദുൾ ജലീൽ സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: