കണ്ണൂര്‍: സംസ്ഥാനത്തെ തടിമില്ലുകള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍. മില്ലുകളുടെ പ്രവര്‍ത്തന ശേഷി കൂട്ടാന്‍ ആവശ്യമായ എച്ച്പി വര്‍ധന അനുവദിക്കണമെന്ന ആവശ്യം ഇതുവരെ അധികൃതര്‍ പരിഗണിച്ചിട്ടില്ല. മില്ലുകള്‍ ആരംഭിച്ച കാലഘട്ടത്തിലെ പവര്‍ കൂട്ടുന്നതിന് അനുമതിയില്ലാത്തതു കാരണം ആധുനികവല്‍ക്കരണം നടപ്പാക്കാന്‍ സാധിക്കുന്നില്ല. മത്സരാധിഷ്ഠിത കാലഘട്ടത്തില്‍ മേഖലയില്‍ കടുത്ത വെല്ലുവിളി നേരിടുകയും പലരും തടിമില്‍ വ്യവസായത്തോട് വിടപറയുകയാണെന്നും ഈ മേഖലയിലുള്ളവര്‍ പറയുന്നു.
2002ലെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് തടിമില്ലുകള്‍ക്ക് എച്ച്പി വര്‍ധിപ്പിച്ച് നല്‍കേണ്ടതില്ലെന്ന് തീരുമാനമെടുത്തതാണ് വ്യവസായത്തിന് തിരിച്ചടിയായത്. ഫോറസ്റ്റിനെ അപേക്ഷിച്ച് മില്ലുകള്‍ അധികമാണെന്ന നിഗമനമായിരുന്നു 12 വര്‍ഷം മുമ്പത്തെ തീരുമാനത്തിന് അടിസ്ഥാനം. അതിനാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈസന്‍സ് എടുക്കുമ്പോള്‍ അനുവദിച്ച നിരക്കിലും ശേഷിയിലുമുള്ള ആധുനിക മെഷീനുകളും മറ്റും പുതുതായി മില്ലുകളില്‍ സ്ഥാപിക്കാനാവാത്ത സ്ഥിതിയാണ്. ഇത് വ്യവസായത്തെ ബാധിച്ചിരിക്കുകയാണെന്ന് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.
പരമ്പരാഗത മേഖലയെ ഉത്തേജിപ്പിക്കാന്‍ ആവശ്യമായ യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും വ്യവസായം തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്നും ഓള് കേരള സോമില്‍ ആന്റ് വുഡ് ഇന്‍ഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു. സംസ്ഥാനത്ത് 25,000 ത്തോളം തടിമില്ലുകളുണ്ടായിരുന്നു. എന്നാല്‍ നൂറുകണക്കിന് മില്ലുകള്‍ ഇതിനകം പൂട്ടി. ഫോറസ്റ്റ്, ലേബര്‍, ഫാക്ടറി തുടങ്ങി നിരവധി വകുപ്പുകളുടെ ലൈസന്‍സുകള്‍ വര്‍ഷംതോറും പുതുക്കി നേടിയെടുത്ത് വേണം തടിമില്ലുകള്‍ പ്രവര്‍ത്തിക്കാന്‍. വൈദ്യുതി നിരക്കിലെ ഭീമമായ വര്‍ധനയും പരിശീലനം സിദ്ധിച്ച തൊഴിലാളികളുടെ അപര്യാപ്തതയും മേഖല നേരിടുന്ന മറ്റ് വലിയ പ്രശ്നങ്ങളാണെന്നും പറയുന്നു.
മരലഭ്യതക്കുറവും മേഖലക്ക് പ്രതിസന്ധി വര്‍ധിപ്പിക്കുകയാണ്. വിദേശങ്ങളില്‍ നിന്ന് വന്‍ മരത്തടികള്‍ എത്തിയിരുന്ന കാലം ഉണ്ടായിരുന്നു. അത് മില്ലുകളിലെത്തിച്ച് ഈര്‍ച്ച നടത്തി വീട് നിര്‍മാണത്തിനും ഫര്‍ണിച്ചര്‍ നിര്‍മാണത്തിനും മറ്റും ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് സാങ്കേതിക വിദ്യ വികസിച്ചതോടെ വിദേശങ്ങളില്‍ നിന്ന് പൂര്‍ണമായും വൃത്തിയാക്കി മരം കഷണങ്ങളാക്കി സംസ്ഥാനത്തേക്ക് എത്തുകയാണ്. അതിനാല്‍ സാങ്കേതിക രംഗത്ത് മത്സരിക്കാന്‍ സാധിക്കാതെ സംസ്ഥാനത്തെ മില്ലുകള്‍ക്ക് പ്രവര്‍ത്തനം കുറയുകയും വലിയ പ്രതിസന്ധി നേരിടുകയുമാണെന്ന് തടിമില്ലുടമകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: