പാലക്കാട്: ഉഷ്ണതരംഗത്തില്‍ ജില്ല ഉരുകിയൊലിക്കുന്നു. 41 ഡിഗ്രിക്ക് മുകളിലാണ് പലപ്പോഴും ചൂട്. ജില്ലയിലെ ഓറഞ്ച് അലർട്ടോടു കൂടിയ തപതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മേയ് രണ്ടുവരെ അടച്ചിടാൻ കളക്ടർ നിർദേശം നൽകി. ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശത്തെ തുടർന്നാണിത്. മുണ്ടൂര്‍ ഐആര്‍ടിസിയിലെ താപനില മാപിനിയിലെ ഇന്നലത്തെ അളവ് 41.9 ഡിഗ്രിയാണ്. ഈവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണിത്.
41 ഡിഗ്രിയെത്തിയതോടെ ജില്ലയില്‍ ഉഷ്ണതരംഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മിക്ക ദിവസവും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിവിധ പ്രദേശങ്ങളില്‍ ഇനിയും ഉഷ്ണതരംഗം നിലനില്‍ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. അതിനാല്‍ സൂര്യാഘാതവും സൂര്യതാപവും മൂലമുള്ള പൊള്ളലിന് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ 32 വയസുകാരനടക്കം മൂന്നുപേരാണ് കനത്ത ചൂടിനെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് ജില്ലയില്‍ ഇത്രയുംപേര്‍ മരിക്കുന്നത് ആദ്യമായാണ്.
രൂക്ഷമായ കുടിവെള്ളക്ഷാമവും ഉഷ്ണതരംഗവും ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ പോളിങ് കുറയുന്നതിനും ഇത് കാരണമായി. കഴിഞ്ഞതവണ 77.72 ശതമാനം ആയിരുന്നെങ്കില്‍ ഇത്തവണ അത് 73.37 ആയി കുറഞ്ഞു. കനത്ത ചൂടുകാരണം പലയിടത്തും വോട്ടര്‍മാര്‍ എത്തിയില്ലെന്നതാണ് കാര്യം.
രാവിലെ 11 മുതല്‍ ഉച്ചക്ക് 3 വരെ നേരിട്ട് വെയില്‍ കൊള്ളരുതെന്നും വെയിലത്ത് നടക്കേണ്ടിവരുമ്പോള്‍ കുട, തൊപ്പി, ടവ്വല്‍ എന്നിവ ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്.
ജില്ലയില്‍ വേണ്ടത്ര മഴ ലഭിക്കാത്തതും ഉഷ്ണതരംഗം വര്‍ധിക്കുന്നതിന് കാരണമായി. രൂക്ഷമായ കുടിവെള്ള ക്ഷാമവും ജില്ലയിലുണ്ട്. എല്ലാ ഡാമുകളിലും കുടിവെള്ളത്തിനു
ള്ള വെള്ളം മാത്രമെ ഉള്ളൂ. ചെക്ക് ഡാമുകളിലടക്കം വെള്ളം കുറഞ്ഞുതുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: