കോട്ടയം: ഏറെ നാളുകള്‍ക്ക് ശേഷം ഗവി ടൂറിസം കേന്ദ്രം വീണ്ടും തുറന്നു. കടുത്ത വേനലായതിനാല്‍ വനമേഖലയില്‍ കാട്ടുതീ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് സഞ്ചാരികള്‍ക്ക് വനംവകുപ്പ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ വേനലവധി ആയതിനാല്‍ സഞ്ചാരികളും മറ്റും ഇതിനെതിരെ രംഗത്തുവന്നിരുന്നു. സഞ്ചാരികളുടെ വരവ് നിലച്ചത് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രതിസന്ധി സൃഷ്ടിച്ചു. ഈ സാഹചര്യത്തിലാണ് ഗവി ടൂറിസം സെന്റര്‍ തുറക്കാന്‍ വനം വകുപ്പ് തയ്യാറായത്.
കെഎസ്ആര്‍ടിസിയുടെ ഗവി ടൂറിസം പാക്കേജും ഇതിനൊപ്പം ആരംഭിച്ചിട്ടുണ്ട് . കെഎസ്ആര്‍ടിസിയുടെ പാക്കേജുകളില്‍ ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് ഇതിനാണ്. രാവിലെ ഏഴിന് പത്തനംതിട്ടയില്‍ നിന്നും പുറപ്പെട്ട രാത്രി 8.30 യോടെ തിരിച്ചെത്തുന്ന പാക്കേജ് ആണിത്. പ്രവേശന ഫീസ്, ബോട്ടിംഗ്, ഉച്ചയൂണ് എന്നിവ ഉള്‍പ്പെടെ 1300 രൂപയായിരുന്നു നിരക്ക്.
അണക്കെട്ടുകളായ മൂഴിയാര്‍, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും ആസ്വദിച്ച് ഗവിയില്‍ എത്താം. തുടര്‍ന്ന് കൊച്ചുപമ്പയില്‍ ബോട്ടിംഗ് കഴിഞ്ഞ് വണ്ടിപ്പെരിയാര്‍ വഴി പരുന്തുംപാറ കണ്ട് തിരിച്ചു പത്തനംതിട്ടയില്‍ എത്തുന്നതാണ് പാക്കേജ്. എന്നാല്‍ മെയ് ഒന്നു മുതല്‍ കെഎസ്ആര്‍ടിസി ഗവി യാത്രയ്ക്ക് 500 രൂപ കൂട്ടി നിശ്ചയിച്ചിട്ടുണ്ട്.
കൊച്ചുപമ്പയില്‍ 2 കിലോമീറ്റര്‍ ട്രക്കിംഗ് പുതുതായി ഉള്‍പ്പെടുത്തിയതാണ് നിരക്കു കൂട്ടാന്‍ കാരണമെന്ന് പറയുന്നു. എന്നാല്‍ ട്രക്കിംഗിന് പോകാത്തവരും പണം നല്‍കേണ്ടി വരുമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: