പാലക്കാട്: കഴിഞ്ഞ ദിവസം ആലിയാര് കനാലില്‍ വീണ നിലയില്‍ കണ്ടെത്തിയ തൊണ്ണൂറ് വയസുളള ലക്ഷ്മി മരിച്ചത് സൂര്യാഘാതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എലപ്പുളളി സ്വദേശിയായ ലക്ഷ്മിയെ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കനാലില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
വൈകുന്നേരം വീട്ടില്‍ നിന്നും നടക്കാനിറങ്ങിയതായിരുന്നു ലക്ഷ്മി. ഏറെ നേരമായിട്ടും വീട്ടിലേക്ക് തിരിച്ചെത്തിയില്ല. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് കനാലില്‍ കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റിരുന്നു. ശരീരത്തില്‍ പൊളളലേറ്റ നിലയിലുമായിരുന്നു.
കണ്ണൂരില്‍ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മദ്ധ്യവയസ്കനും മരിച്ചു. മാഹിയിലെ പന്തക്കല്‍ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥനാണ് (53) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.വെള്ളിയാഴ്ച നിടുമ്പ്രത്ത് കിണര്‍ പണിക്കിടെയാണ് ഇദ്ദേഹത്തിന് സൂര്യാഘാതമേറ്റത്.
അതിനിടെ സംസ്ഥാനത്ത് പാലക്കാടിന് പുറമേ കൊല്ലം, തൃശൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: