സഞ്ജു സാംസന്റെ പുറത്താകാതെ എടുത്ത 71 റണ്‍സ് മികവില്‍ രാജസ്ഥാന് റോയല്‍സ് ഏഴ് വിക്കറ്റിന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ തോല്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പര്‍ ജയന്റ്സ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 196 റണ്‍സ് എന്ന നിലയില്‍ എത്തിയപ്പോള്‍ പലരും രാജസ്ഥാന്റെ തോല്‍വി പ്രവചിച്ചു.
പക്ഷെ സഞ്ജു സാംസന് ധ്രുവ് ജുറെലുമായി ചേര്‍ന്ന് കെട്ടിപ്പൊക്കിയ മികവാര്‍ന്ന കൂട്ടുകെട്ടാണ് രാജസ്ഥാന് റോയല്‍സിനെ ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ വിജയത്തില്‍ എത്തിച്ചത്. സഞ്ജു സാംസണും ധ്രുവ് ജുറെലും അര്‍ധസെഞ്ച്വറികള്‍ നേടി. നേരത്തെ രാജസ്ഥാന് റോയല്‍സിന് വേണ്ടി ഓപ്പണിംഗ് ബാറ്റ്സ്മാന്മാരായ ജോസ് ബട് ലറും യശസ്വി ജയ്സ്വാളും 35 പന്തില്‍ നിന്നും 60 റണ്‍സ് അടിച്ച് നല്ലൊരു അടിത്തറ നല്‍കിയിരുന്നു. അതിനു മുകളിലായിരുന്നു സഞ്ജുവിന്റെയും ധ്രുവ് ജുറെലിന്റെയും മിന്നും പ്രകടനം.
സഞ്ജു സാംസണ് 33 പന്തുകളില്‍ ഏഴ് ബൗണ്ടറികളും നാല് സിക്സറുകളും ഉള്‍പ്പെടെ 71 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ജുറെല്‍ 35 പന്തുകളില്‍ അഞ്ചു ഫോറുകളും രണ്ട് സിക്സറും സഹിതം 52 റണ്‍സെടുത്ത് സഞ്ജുവിന് താങ്ങായി നിന്നു.
നേരത്തെ ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് വേണ്ടി കെ.എല്‍. രാഹുലും (70 റണ്‍സ്) ദീപക് ഹുഡയും (50) അര്‍ധസെഞ്ച്വറികള്‍ നേടിയതാണ് മികച്ച ടോട്ടല്‍ ഉയര്‍ത്താന്‍ കഴിഞ്ഞത്.
ഇതോടെ 9 മത്സരങ്ങളില്‍ എട്ട് മത്സരങ്ങള്‍ ജയിച്ച രാജസ്ഥാന് റോയല്‍സിന് 16 പോയിന്റായി. രാജസ്ഥാന് റോയല്‍സാണ് ഒന്നാം സ്ഥാനത്ത്. ലഖ്നൗ പത്ത് പോയിന്റുമായി നാലാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: