ജന്മഭൂമി സുവര്‍ണ ജയന്തിയിലേക്ക്; ഇന്ന് അന്‍പതാം പിറന്നാള്‍

Published by

ന്മഭൂമി ഒരു വികാരമാണ്. ദേശീയ ബോധത്തിന്റെയും തനതു സംസ്‌കാരത്തിന്റെയും സമര്‍പ്പണ ഭാവത്തിന്റെയും ചൂടും ചൂരും ചേര്‍ന്ന വികാരം. പെറ്റമ്മയെപ്പോലെ ജന്മനാടിനെ സ്നേഹിക്കുന്ന ആ വികാരത്തില്‍ നിന്നു പിറന്ന മാധ്യമ സ്ഥാപനമാണ് ജന്മഭൂമി. തീയില്‍ കുരുത്ത്, കനല്‍ വഴികളിലൂടെ നടന്ന്, ഇന്ന് അന്‍പതാം പിറന്നാളിലെത്തി നില്‍ക്കുന്നു. വെല്ലുവിളികളുടെയും പ്രതിസന്ധികളുടെയും മുന്നില്‍ ഒരിക്കലും തല കുനിച്ചിട്ടില്ല. സത്യത്തിന്റെ മുഖത്തെ ഭയപ്പെട്ടിരുന്ന ഭരണ സംവിധാനത്തിന്റെ ഭീകരതയെയും പത്രമാരണ പ്രക്രിയകളെയും പേടിച്ചില്ല. പത്രധര്‍മം രാഷ്‌ട്രധര്‍മമായിക്കണ്ടു. ആ വഴിയേ തന്നെ സഞ്ചരിച്ചു.

1975 ഏപ്രില്‍ 28ന് ജന്മഭൂമി സായാഹ്ന പത്രമായി കോഴിക്കോട്ടു പിറന്നപ്പോള്‍, ആദ്യ മുഖപ്രസംഗത്തില്‍ പറഞ്ഞത് ഇന്നും ഏറെ പ്രസക്തമാണ്. അതിങ്ങനെ: ”…ജന്മഭൂമി തികച്ചും ഒരു സ്വതന്ത്ര ദേശീയ ദിനപത്രമാണ്. ദേശീയ ഐക്യവും ധാര്‍മിക ബോധവും ജനക്ഷേമവും രാജ്യസ്നേഹവും മുന്‍നിര്‍ത്തി മാത്രമായിരിക്കും ഓരോ പ്രശ്നത്തെയും അതു കാണുകയും ചിന്തിക്കുകയും ചെയ്യുന്നത്.”

പിറന്ന് രണ്ടു മാസത്തിനകം ജന്മഭൂമിയെന്ന പത്രശിശുവിനെ അധികാരികള്‍ കഴുത്തുഞെരിച്ചു ശ്വാസം മുട്ടിച്ചു. ആ വര്‍ഷം ജൂണ്‍ 25ന് അര്‍ധരാത്രി, അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എതിരാളികളെ രാജ്യവ്യാപകമായി തടങ്കലിലാക്കിയ അവര്‍, പത്രങ്ങളുടെ മേല്‍ കര്‍ക്കശമായ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തു. ജൂലൈ രണ്ടിനു രാത്രിയില്‍ ജന്മഭൂമി പത്രം ഓഫീസും പ്രസും പോലീസ് പരിശോധിച്ചു. പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടിയെയും മറ്റും ജയിലിലടച്ചു. പില്‍ക്കാലത്ത് മുഖ്യപത്രാധിപരായ പി. നാരായണന്‍, കണ്ണൂര്‍ റസിഡന്റ് എഡിറ്റര്‍ എ. ദാമോദരന്‍ തുടങ്ങിയവര്‍ അന്നു ജയിലില്‍ കിടന്നവരാണ്.

പ്രശ്നങ്ങളും പ്രതിസന്ധികളും ഒട്ടേറെ അതിജീവിച്ച ഭൂതകാലമാണെങ്കിലും മറ്റു പത്രങ്ങളോടു കിടപിടിക്കുന്ന രൂപഭാവങ്ങള്‍ കൈവരിക്കാന്‍ പില്‍ക്കാലത്തു ജന്മഭൂമിക്ക് കഴിഞ്ഞു. 1977 നവംബര്‍ 14ന് എറണാകുളത്ത് പരിമിതമായ സൗകര്യങ്ങളില്‍ പ്രഭാത ദിനപത്രമായി ഇറങ്ങിയ ജന്മഭൂമിക്കിപ്പോള്‍ എറണാകുളം, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, കണ്ണൂര്‍, തൃശ്ശൂര്‍, കൊല്ലം, തിരുവല്ല, ബെംഗളൂരു എന്നിവിടങ്ങളിലായി ഒന്‍പത് എഡിഷനുണ്ട്.

എറണാകുളത്തു നിന്നു പുനഃപ്രസിദ്ധീകരണം ആരംഭിക്കുമ്പോള്‍ മുഖ്യപത്രാധിപരായി, അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിനു കേരളത്തില്‍ നേതൃത്വം നല്കിയ ലോക്‌സംഘര്‍ഷ സമിതിയുടെ സംസ്ഥാനാധ്യക്ഷനും സര്‍വോദയ നേതാവുമായ പ്രൊഫ. എം.പി. മന്മഥന്റെ പേര് അംഗീകരിക്കപ്പെട്ടു. അടിയന്തരാവസ്ഥയ്‌ക്കെതിരായ സത്യഗ്രഹ സമരം ആരംഭിച്ച നവംബര്‍ 14നുതന്നെ പ്രഭാത ദിനപത്രമായി ജന്മഭൂമി ഇറങ്ങുമ്പോള്‍ വലിയൊരു ദൗത്യം മുന്നിലുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം പോലും ജനമനസ്സില്‍ രൂഢമൂലമായിക്കിടന്ന മാനസിക-ബൗദ്ധിക അടിമത്തത്തില്‍ നിന്ന് അവരെ പുറത്തുകൊണ്ടുവരുക എന്നതായിരുന്നു ആ ഭാരിച്ച ദൗത്യം. തിമിരം ബാധിച്ച ഭരണ സംവിധാനത്തിനെതിരേയുള്ള പോരാട്ടം കൂടിയായിരുന്നു അത്. പ്രതിസന്ധികളില്‍ തളരാത്ത പ്രവര്‍ത്തന ശൈലിയിലൂടെ സമാജ മനസ്സില്‍ പൗരബോധവും രാഷ്‌ട്രബോധവും സ്വത്വബോധവും ഉണര്‍ത്തുന്നതില്‍ ജന്മഭൂമി വലിയ പങ്കു വഹിച്ചു. ആ പാതയിലൂടെ സഞ്ചരിച്ച ജനത സ്വാഭിമാനം വീണ്ടെടുത്ത കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by