അഭിമാനത്തിന്റെ വിഷുക്കൈനീട്ടം

തിരുവനന്തപുരം പാളയത്തെ മഹാഗണപതി ക്ഷേത്രത്തിന്റെ നിര്‍മിതിക്ക് ആ പേരിനൊത്ത ഔന്നത്യം ഉണ്ടായിരുന്നില്ല. സമീപത്തെ മുസ്ലിം-ക്രൈസ്തവ ദേവാലയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് പ്രകടവുമായിരുന്നു. എന്നാലിപ്പോള്‍ ഈ കുറവ് നികത്തിയിരിക്കുകയാണ്. പാളയത്തെ ഗണപതി ക്ഷേത്രത്തിന് ഏറെ പ്രൗഢിയുള്ള ഗോപുരം ലഭിച്ചതോടെ അനന്തപുരിയുടെ ആകാശത്ത് ആത്മീയതയുടെ പുതിയൊരു പ്രഭ പരന്നിരിക്കുകയാണ്.

ലസ്ഥാന ജില്ലയായ തിരുവനന്തപുരത്തിന്റെ ന്യൂക്ലിയസ് ഏതെന്ന ചോദ്യത്തിന് ഉത്തരം പാളയം എന്നാണ്. നിയമസഭാ മന്ദിരവും രക്തസാക്ഷി മണ്ഡപവും കേരള സര്‍വകലാശാലയും യൂണിവേഴ്‌സിറ്റി കോളജും സംസ്‌കൃത കോളജും എംഎല്‍എ ഹോസ്റ്റെലും ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയവും പബ്ലിക് ലൈബ്രറിയും ഫൈന്‍ആര്‍ട്സ് കോളജും അയ്യന്‍കാളി ഹാളും നഗരസഭാ കാര്യാലയവും കണ്ണേമാറ ചന്തയുമെല്ലാം ഒരു വൃത്തത്തില്‍ ഉള്‍ക്കൊളളുന്ന നഗര ഹൃദയം. പക്ഷേ പാളയത്തിന്റെ പ്രൗഢി അടയാളപ്പെടുത്തുക ഈ സ്ഥാപനങ്ങളുടെയൊന്നും പേരിലല്ല.

അടുപ്പുകല്ലുപോലെ നിലകൊള്ളുന്ന മൂന്നു ദേവാലയങ്ങളാണ് പാളയത്തെ മഹത്വവല്‍ക്കിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള മഹാ ഗണപതി ക്ഷേത്രവും പ്രശസ്തമായ ജുമാ മസ്ജിദും സെന്റ് ജോസഫ് ലത്തീന്‍ കത്തോലിക്ക പള്ളിയും ഒരു വട്ടത്തിനുള്ളില്‍ നില കൊള്ളുന്നത് ഏതൊരു മലയാളിക്കും അഭിമാനമാണ്. കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയായി ഉയര്‍ത്തിക്കാട്ടുന്ന സ്ഥലം. മൂന്നു മതങ്ങളുടെയും ആരാധനാലയങ്ങള്‍ അടുത്തടുത്ത് നില്‍ക്കുന്നത് ഒരര്‍ത്ഥത്തില്‍ മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകം തന്നെയാണ.്

മോസ്‌ക് മാര്‍ബിളിലും പളളി വെള്ളക്കല്ലിലും പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ അതിന്റെ തലയെടുപ്പില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചെറിയൊരു ഓടിട്ട കെട്ടിടമായി നിന്ന പുരാതനമായ ഗണപതി ക്ഷേത്രം സ്വാഭിമാന ഹിന്ദുവിനെ സംബന്ധിച്ചു നോവ് കലര്‍ന്ന അപകര്‍ഷത ഉണ്ടാക്കുമായിരുന്നു. ഇക്കഴിഞ്ഞ വിഷുദിനത്തില്‍ ഈ അപകര്‍ഷത അഭിമാനത്തിന് വഴിമാറി. ഗണപതി നടയില്‍ പ്രൗഢിയുള്ള ഗോപുര മന്ദിരം കാണിക്കയായി, വിഷുക്കൈനീട്ടമായി സമര്‍പ്പിക്കപ്പെട്ടു. അനന്തപുരിയുടെ തിരക്കേറിയ വീഥിക്ക് മാറ്റുകൂട്ടി ഗണപതി ക്ഷേത്രം മറ്റ് രണ്ട് ദേവാലയങ്ങള്‍ക്കുമൊപ്പം ഇനി തല ഉയര്‍ത്തി നില്‍ക്കും.

അലങ്കാരഗോപുരം ഉയരും മുന്‍പുളള പാളയം ഗണപതിക്ഷേത്ര നട

പട്ടാളക്കാര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍

തിരുവിതാംകൂറിന്റെ ചരിത്രവുമായി ഇഴുകിചേര്‍ന്ന ബന്ധമുള്ളവയാണ് ഈ മൂന്നുദേവാലയങ്ങള്‍. പതിനെട്ടാം നൂറ്റാണ്ടില്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലശേഷം കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവായി സ്ഥാനമേറ്റപ്പോള്‍ രാജ്യത്തിന്റെ തലസ്ഥാനം പത്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് മാറ്റി. അക്കാലത്ത് ട്രാവന്‍കൂര്‍ നായര്‍ ബ്രിഗേഡിയനില്‍പ്പെട്ട പട്ടാളക്കാരും കുതിരപ്പട്ടാളക്കാരും തങ്ങള്‍ ആരാധിച്ചിരുന്ന രണ്ടു ഗണപതി വിഗ്രഹങ്ങളും ഒരു ഹനുമാന്‍ വിഗ്രഹവും കൂടെ കൊണ്ടുവന്നു. അതില്‍ ഒന്നാണ് ഇന്നത്തെ പഴവങ്ങാടി ക്ഷേത്രത്തിലുള്ള വിഗ്രഹം. രണ്ടാമത്തേത് പട്ടാളക്കാര്‍ തമ്പടിച്ച പാളയത്തും പ്രതിഷ്ഠിച്ചു. പാളയം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ പട്ടാളക്യാമ്പിരിക്കുന്ന സ്ഥലം എന്നാണ്. ഹനുമാന്‍ വിഗ്രഹം ഇന്നത്തെ നിയമസഭാ മന്ദിരത്തിന്റ അടുത്തും പ്രതിഷ്ഠിച്ചു.

പില്‍ക്കാലത്ത് തിരുവിതാംകൂര്‍ സേനയില്‍ ധാരാളം ഇസ്ലാം മതസ്ഥരും ക്രിസ്തുമത വിശ്വാസികളും അണിനിരന്നു. സ്വാതി തിരുനാള്‍ മഹാരാജാവ് നാട് ഭരിച്ചിരുന്ന കാലത്താണ് ആദ്യമായി പള്ളി പാളയത്ത് ഉയരുന്നത്. ‘പട്ടാള പള്ളി’ എന്നറിയപ്പെട്ടിരുന്ന ആ പള്ളിയാണ് ഇന്നത്തെ പാളയം ജുമാ മസ്ജിദ്. ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് തൊട്ടടുത്തുതന്നെ ക്രിസ്ത്യന്‍ പള്ളി പണിതത്. അതാണ് ഇന്ന് കാണുന്ന സെന്റ് ജോസെഫ്‌സ് പള്ളി. അങ്ങനെ സകല മതത്തില്‍പ്പെട്ട സൈനികര്‍ക്കും ആരാധിക്കാന്‍ നിര്‍മ്മിച്ച ദേവാലയങ്ങളാണ് തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നത്. പള്ളിയും മോസ്‌ക്കും കാലത്തിനനുസരിച്ച് നവീകരിച്ച് പുതുമോടിയില്‍ പ്രൗഢി കൂട്ടിയപ്പോള്‍ അമ്പലം പഴയപടി നിന്നു. ഒരേക്കറോളം ഉണ്ടായിരുന്ന ക്ഷേത്രഭൂമി പലരും കയ്യേറിയതിനാല്‍ ഏഴ് സെന്റ് ഭൂമി മാത്രമായി ചുരുങ്ങി. തൊഴാനെത്തുന്നവര്‍ക്ക് പ്രദക്ഷിണം ചെയ്യാന്‍ പോലും സൗകര്യം ഇല്ലാത്ത, കാര്യമായി ശ്രദ്ധിക്കപ്പെടാത്ത കൊച്ച് അമ്പലമായി ശക്തിവിനായക കോവില്‍ ഒതുങ്ങി.

പാളയം മഹാഗണപതി ക്ഷേത്രത്തിന്റെ പുതുതായി പണികഴിപ്പിച്ച അലങ്കാര ഗോപുരം

അന്നു ശ്രമിച്ചു; ഇന്ന് ജയിച്ചു

ക്ഷേത്രത്തിന്റെ ശോചനീയാവസ്ഥ മാറ്റാന്‍ ഹിന്ദുക്കള്‍ ആഗ്രഹിച്ചിരുന്നു. ശ്രമങ്ങളും നടത്തി. നിലയ്‌ക്കല്‍ സമരവിജയത്തെത്തുടര്‍ന്നുണ്ടായ ഹൈന്ദവ ശാക്തീകരണാനന്തര സമയത്ത് സ്വാമി സത്യാനന്ദ സരസ്വതി ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനായി മുന്നിട്ടിറങ്ങിയിരുന്നു. അതിനായി ഫണ്ട് സ്വരൂപണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തുടങ്ങുകയും ചെയ്തു. മറ്റു ദേവാലയങ്ങള്‍ക്കൊപ്പം തലയെടുപ്പുളള ക്ഷേത്രത്തിന്റെ രൂപരേഖയാണ് തയ്യാറാക്കിയത്. നിര്‍ണ്ണായക സമയത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുകൂലമായി നിന്നില്ല. നിലവിലുള്ള ക്ഷേത്രം നവീകരിക്കേണ്ടതില്ല എന്ന തീരുമാനം എടുത്തു. ക്ഷേത്രം ഉയര്‍ന്നാല്‍ അത് ഹൈന്ദവ മുന്നേറ്റത്തിന് ശക്തി പകര്‍ന്നേക്കും എന്ന അന്നത്തെ ഭരണവര്‍ഗ്ഗത്തിന്റെ ചിന്തയായിരുന്നു കാരണം.

സ്വാമി സത്യാനന്ദ സരസ്വതി പരാജയപ്പെട്ടിടത്ത് വ്യവസായി എസ്. രാജശേഖരന്‍ നായര്‍ ജയിച്ചു. അയോധ്യാ ക്ഷേത്രനിര്‍മ്മാണാനന്തര കാലത്ത് ഹിന്ദുക്കള്‍ക്ക് അഭിമാനമായി അനന്തപുരിയിലും ക്ഷേത്ര ഗോപുരം ഉയര്‍ത്താനായി. ഹിന്ദുത്വാഭിമാനിയായ രാജശേഖരന്‍ നായര്‍ സ്വന്തം പണം ഉപയോഗിച്ച് നവീകരണം ഏറ്റെടുക്കുകയായിരുന്നു. ആദ്യമായിട്ടല്ല അദ്ദേഹം ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം ഏറ്റെടുക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പുരാതനമായ ശംഖുമുഖം ക്ഷേത്രത്തിന്റെ സ്വന്തുക്കളില്‍ ഭൂരിഭാഗവും കയ്യറ്റത്തിന് വിധേയമായിരുന്നു. തിരിച്ചു പിടിക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായില്ല.

ചവറു തള്ളുന്ന സ്ഥലമായി ക്ഷേത്രഭൂമി ഉപയോഗിക്കപ്പെട്ടു. രാജശേഖരന്‍ നായര്‍ സ്വന്തം ചെലവില്‍ ചുറ്റുമതില്‍ നിര്‍മ്മിച്ച് ക്ഷേത്രഭൂമിയുടെ കുറച്ചു ഭാഗം സംരക്ഷിച്ചു. കോവളം ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിന് ശ്രീകോവില്‍, അലങ്കാരഗോപുരം, ചിത്രമതില്‍, മണിമണ്ഡപം എന്നിവയും നിര്‍മ്മിച്ചു നല്‍കി. അതിന്റെ തുടര്‍ച്ചയാണ് അയോധ്യാ ക്ഷേത്രനിര്‍മ്മാണാനന്തര കാലത്ത് ഹിന്ദുക്കള്‍ക്ക് അഭിമാനമായി പാളയത്ത് ഉയര്‍ന്ന അലങ്കാര ഗോപുരം. 50 അടി നീളവും 20 അടി വീതിയിലും 50 അടി ഉയരത്തിലുമാണ് ഗോപുരം നിര്‍മിക്കുന്നത്. 18 അടി പൊക്കത്തിലുള്ള ഗണപതി വിഗ്രഹമാണ് ഗോപുരത്തിലെ പ്രധാന ആകര്‍ഷണം. അതോടൊപ്പം പുതിയ തിടപ്പള്ളിയും ഭജനമണ്ഡപവും നിര്‍മ്മിച്ചിട്ടുണ്ട്.

ഹിന്ദുത്വാഭിമാനിയായ വ്യവസായി

ഹിന്ദുത്വ വക്താവാണെന്നു പറയുന്നതും ഹൈന്ദവ മുന്നേറ്റത്തെ പിന്തുണയ്‌ക്കുന്നതും മതേതരത്വ ഇമേജിന് കോട്ടം തട്ടുമെന്നു കരുതുന്നവരാണ് കേരളത്തിലെ ഹിന്ദു വ്യവസായികളില്‍ അധികവും. അവര്‍ക്കിടയില്‍ വ്യത്യസ്തനാണ് എസ്. രാജശേഖരന്‍ നായര്‍ എന്നതാണ് പാളയത്ത് വര്‍ഷങ്ങളായി നിലനിന്നിരുന്ന ഹിന്ദുക്കളുടെ അപകര്‍ഷത മായാന്‍ കാരണം. സാധാരണക്കാരനായ തന്റെ വളര്‍ച്ചയ്‌ക്കു പിന്നില്‍ ഈശ്വരാനുഗ്രഹമാണ് എന്ന ഉറച്ച വിശ്വാസമാണ് രാജശേഖരന്‍ നായരെ ഇത്തരം കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.

പതിനാറാം വയസ്സില്‍ വീടുവിട്ടിറങ്ങി. തമിഴ്നാട്ടിലും മുംബൈയിലും ചെറുജോലികള്‍ ചെയ്തു. കഠിനാധ്വാനത്തിനൊപ്പം ഈശ്വരാനുഗ്രഹവും ഉണ്ടായപ്പോള്‍ മുംബൈയില്‍ ഹോട്ടല്‍ മേഖലയില്‍ സ്വന്തമായ മേല്‍വിലാസം. 25 വര്‍ഷത്തെ അനുഭവസമ്പത്തുമായി ജന്മനാടായ കേരളത്തില്‍ ഹോട്ടല്‍ വ്യവസായത്തിന് തുടക്കം. ഏറെ പ്രതിബന്ധങ്ങള്‍ മറികടന്ന് കോവളത്ത് ഉദയ സമുദ്ര എന്ന ലോക നിലവാരമുള്ള ബീച്ച് റിസോര്‍ട്ട് പടുത്തുയര്‍ത്തി. ശംഖുമുഖത്ത് എയര്‍പോര്‍ട്ട് ഹോട്ടലായ ഉദയ സ്യൂട്ട്സ്, വിമാന യാത്രികര്‍ക്ക് ഭക്ഷണമൊരുക്കുന്ന ഉദയ ഫ്‌ളൈറ്റ് കാറ്ററിങ് യൂണിറ്റ്, ആലപ്പുഴയിലെ ബാക്ക് വാട്ടര്‍ റിസോര്‍ട്ട് എന്നിവയും അതിഥി സേവയുടെ മഹത്വം ഉയര്‍ത്തുന്ന സ്ഥാപനങ്ങളായി വളര്‍ന്നു. കവടിയാറില്‍ അത്യാധുനിക കണ്‍വെന്‍ഷന്‍ സെന്ററും വാഗമണിലെ പഞ്ചനക്ഷത്ര ഹോട്ടലും വലിയ പദ്ധതികളായി.

അതിഥി സല്‍ക്കാര വ്യവസായത്തിനു പുറത്ത് രാജശേഖരന്‍ നായര്‍ കേരളത്തില്‍ ആരംഭിച്ച സംരംഭമാണ് ചെങ്കലിലെ സായികൃഷ്ണ പബ്ലിക് സ്‌കൂള്‍. 300 കുട്ടികളുമായി ആരംഭിച്ച സ്‌കൂളില്‍ ഇപ്പോള്‍ 2000 ലധികം പേരുണ്ട്. സൗകര്യത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തെ മികച്ച സ്‌കൂളുകളിലൊന്നായി മാറി. ബിസിനസ്സ് രംഗത്ത് വിജയിച്ച് മുന്നേറുമ്പോഴും പൊതുരംഗത്തും സേവന-സാംസ്‌ക്കാരിക മേഖലയിലും രാജശേഖരന്‍ നായര്‍ സജീവമാണ്. ജനം ടിവിയുടെ ചെയര്‍മാനും ബിജെപി ദേശീയ സമിതിയംഗവുമാണ്. ചെങ്കല്‍ മഹേശ്വരം ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം ഉയരുന്നതില്‍ രാജശേഖരന്‍ നായര്‍ക്ക് വലിയ പങ്കുണ്ട്. മുബൈ കേരളീയ സമാജം പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി സംഘടനകളുടെ ഭാരവാഹിയുമാണ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക