ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റവും അടുപ്പമുള്ള നേതാവ് കെ.സി. വേണുഗോപാലാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷയും, ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ശോഭ സുരേന്ദ്രന്. ആലപ്പുഴയില്‍ തനിക്കെതിരെ നീക്കം നടത്തിയത് പിണറായി വിജയനും, കരിമണല്‍ കര്‍ത്തയും, വേണുഗോപാലും അടക്കമുള്ള കോക്കസാണെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ ശോഭ പറഞ്ഞു.
മുഖ്യമന്ത്രിക്ക് വേണ്ടി ഡീല്‍ ഉറപ്പിക്കാനാണ് ഇ.പി. ജയരാജന്, പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്ന ആരോപണം തെളിയിക്കേണ്ടത് കെ.സി. വേണുഗോപാല്‍ ആണ്. പിണറായി വിജയന്റെ ഏറ്റവും അടുത്ത സുഹൃത്താണ് കെ.സി. വേണുഗോപാല്‍. സ്വന്തം മുഖം നല്ലതല്ലാത്തതിന് കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ട് കാര്യമില്ല. കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഉള്ള നേതാക്കളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് കെ.സി. വേണുഗോപാല്‍ ചിന്തിക്കേണ്ടത്. വേണുഗോപാലിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് വന്നത് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഡീല്‍ ഉറപ്പിക്കാനാണോ എന്നും ശോഭ സുരേന്ദ്രന് ചോദിച്ചു.
പ്രഗത്ഭരായ കോണ്‍ഗ്രസ് നേതാക്കളുടെ പത്തിലൊരു ശതമാനം പോലും കഴിവുണ്ടായിട്ടല്ല വേണുഗോപാല്‍ കോണ്‍ഗ്രസിലെ ഉന്നത സ്ഥാനത്ത് ഇരിക്കുന്നത്. ഇ.പി. ജയരാജന് വിഷയത്തിലുള്ള തന്റെ വെളിപ്പെടുത്തലില്‍ പ്രകാശ് ജാവ്ദേക്കറിന് അതൃപ്തി ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഈ നിമിഷം വരെ അങ്ങനെ അനുഭവമില്ലെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു. ഇ.പി. ജയരാജന് വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: