പുസ്തകവായന മരിച്ചുപോയി എന്ന് എല്ലാവരും കണ്ണീര്‍വാര്‍ക്കുമ്പോള്‍ തന്നെ ഒരു നോവല്‍ മലയാളത്തില്‍ അത്ഭുതകരമായി വിറ്റഴിയുകയാണ്. ഒരു പക്ഷെ ബെന്യാമിന്റെ ‘ആടുജീവിത’ത്തിന് ശേഷം കൂടുതല്‍ വിറ്റഴിയുന്ന നോവലായി മാറുകയാണ് അഖില്‍ പി ധര്മ്മജന്റെ ‘റാം കെയർ ഓഫ് ആനന്ദി’.
ആടു ജീവിതം 100 പതിപ്പുകള്‍ ഇറങ്ങിയ ആദ്യ മലയാള നോവലാണ്. പ്രസിദ്ധീകരിച്ച് ആദ്യ നാല് വര്‍ഷത്തില്‍ ഒരു ലക്ഷം പതിപ്പുകളേ വിറ്റുപോയുള്ളൂവെങ്കിലും പിന്നീട് നോവല്‍ ചൂടപ്പമായി. കെ.ആര്‍. മീരയുടെ ആരാച്ചാര്‍ ആദ്യ വര്‍ഷത്തില്‍ തന്നെ 50,000 കോപ്പികള്‍ വിറ്റുപോയി. സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖവും ഇതുപോലെ ധാരാളം കോപ്പി വിറ്റഴിഞ്ഞ നോവലാണ്.
ഇനി അഖില്‍ പി ധര്മ്മജന്റെ ‘റാം കെയർ ഓഫ് ആനന്ദി’ എന്ന നോവലിലേക്ക് വരാം. നോവല്‍ ആദ്യമായി പ്രസിദ്ധീകരിച്ചപ്പോള്‍ ആദ്യ നാല് വര്‍ഷം 20,000 കോപ്പികള്‍ ആണ് വിറ്റഴിഞ്ഞത്. നാല് വര്‍ഷത്തിന് ശേഷം പുസ്തകത്തിന്റെ വില്‍പന ഇഴഞ്ഞു. പക്ഷെ ഒരു പുതിയ രീതിയിലുള്ള വിപണന ശൈലി പിന്തുടര്‍ന്നപ്പോള്‍ വീണ്ടും ജനം ഈ നോവല്‍ ഏറ്റെടുത്തു എന്നത് അത്ഭുതം തന്നെ എന്ന് പറയാം. നോവലിനെക്കുറിച്ച് ചില ആകര്‍ഷകമായ റീല്‍സ് ഉണ്ടാക്കി ഇന്‍സ്റ്റഗ്രാമിലും മറ്റും പോസ്റ്റ് ചെയ്യുകയായിരുന്നു. പ്രത്യേകിച്ചും ഇതിലെ കഥാപാത്രങ്ങള്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് പറയുന്ന ചില കമന്‍റുകള്‍. അതുപോലെ ഈയിടെ കോഴിക്കോട് ഡിസിബുക്സ് സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ താന്‍ പുസ്തകം ഒപ്പിട്ട് നല്‍കുന്നതിന്റെ വീഡിയോയും അഖില്‍ പി ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരുന്നു. അതോടെ ‘റാം കെയര്‍ ഓഫ് ആനന്ദി’ എന്ന നോവല്‍ വീണ്ടും യുവത്വത്തിനുള്ളില്‍ കത്തിപ്പടര്‍ന്നു. ഉടനെ നോവല്‍ വില്‍പന ഉഷാറായി. നാല് വര്‍ഷത്തിന് ശേഷം തണുത്തുകിടന്ന പുസ്തകവില്‍പന തെരഞ്ഞെടപ്പ് സീസണിലെ രണ്ട് മാസത്തില്‍ വിറ്റഴിഞ്ഞത് എത്ര കോപ്പിയാണെന്നോ? 1.3 ലക്ഷം കോപ്പികള്‍.
ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽ നിന്നും സിനിമ പഠിക്കാന്‍ ചെന്നൈ നഗരത്തിലെത്തിയ ശ്രീറാം എന്ന യുവാവും ആനന്ദി എന്ന ശ്രീലങ്കന്‍ യുവതിയുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് റാം കെയര്‍ ഓഫ് ആനന്ദി. പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയുമൊക്കെ നിറയുന്ന നോവല്‍ മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവല്‍ കൂടിയാണ്.ഇതിനെ സിനിമാറ്റിക് നോവല്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. അത്രയ്‌ക്ക് ദൃശ്യസാധ്യതകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഈ നോവല്‍. ഒരു സിനിമ കാണുന്നതുപോലെ വായിച്ചിരിക്കാം എന്നതാണ് നോവലിനെ ജനകീയമാക്കിയത്. ഓരോ താളുകളിലൂടെയും വായനക്കാര്‍ കടന്നുപോകുന്നത് ചെന്നൈയിലെ തെരുവുകളിലൂടെയും റാം എന്ന നോവലിലെ നായകന്‍ കടന്നുപോകുന്ന സാഹചര്യങ്ങളിലൂടെയുമാണ്. 2018 എന്ന കേരളത്തിലെ പ്രളയം പ്രമേയമാക്കിയ സിനിമയുടെ തിരക്കഥ എഴുതിയ ആള്‍ കൂടിയാണ് അഖില്‍ പി ധര്‍മ്മജന്‍.
ഈ നോവല്‍ സിനിമയാക്കാന്‍ ആലോചനയുണ്ടെന്നും അതില്‍ പ്രണവ് മോഹന്‍ലാലും സായി പല്ലവിയും നായകനും നായികയും ആകണമെന്നാണ് ആഗ്രഹമെന്നും അഖില്‍ പി ധര്‍മ്മജന്‍ പറയുന്നു. കമല്‍ സാറിന്റെ അസോസിയേറ്റായ അനുഷ പിള്ളയാണ് സംവിധാനം ചെയ്യുക എന്നും അഖില്‍ പി ധര്‍മ്മജന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: