തിരുവനന്തപുരം: നിയമസഭ പാസാക്കിയ ഭൂപതിവ് നിയമ ഭേദഗതി ബിൽ ഉൾപ്പടെ അഞ്ച് ബില്ലുകളിൽ ഒപ്പുവെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇടുക്കിയിലെ കർഷകർ ആശങ്ക ഉന്നയിച്ച സാഹചര്യത്തിൽ ഭൂഭേദഗതി ബില്ലിൽ ചീഫ് സെക്രട്ടറിയോട് ഗവർണർ വിശദീകരണം തേടിയിരുന്നു. ഇത് ഏറെ വിവാദമായിരുന്നു.
ഭൂപതിവ് നിയമ ഭേദഗതി ബിൽ കൂടാതെ സഹകരണ നിയമഭേദഗതി ബിൽ, നെൽവയൽ നീർത്തട നിയമഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, അബ്കാരി നിയമഭേദഗതി ബിൽ എന്നിവയിലാണ് ഗവർണർ ഒപ്പുവച്ചത്. നിയമസഭ കഴിഞ്ഞ സെപ്തംബർ പതിനാലിനാണ് ഭൂപതിവ് നിയമഭേദഗതി ബിൽ പാസാക്കിയത്. ഇതിലൂടെ ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നാണ് സർക്കാരിന്റെ വാദം.
1960ൽ പട്ടം താണുപിള്ള സർക്കാരിന്റെ കാലത്ത് റവന്യു ഭൂമി പതിച്ചു നൽകുന്നതിനായി കാെണ്ടുവന്നതാണു ഭൂപതിവ് നിയമം. 1964 ൽ ആർ.ശങ്കർ മുഖ്യമന്ത്രിയായപ്പോഴാണ് ഭൂപതിവ് ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നത്. ഭൂപതിവ് ചട്ടം നാലിൽ ഭൂവിനിയോഗം കൃഷിക്കും വീട് നിർമ്മാണത്തിനും മാത്രമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതാണ് നിർമ്മാണ നിരോധനത്തിലേക്ക് നയിച്ചത്. പട്ടയഭൂമി കൃഷിയ്‌ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമത്തിലാണ് മാറ്റം വരിക.
അതേസമയം സർക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന യൂണിവേഴ്സിറ്റി ബില്ല് രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് അയച്ചിരിക്കുകയാണ്. ഇതിൽ കേന്ദ്രത്തിൽ നിന്നാണ് തീരുമാനം ഉണ്ടാകേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: