വാഷിം: ജെഇഇ മെയിൻ ഓൾ ഇന്ത്യ റാങ്ക് തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് കാർഷിക കുടുംബത്തിൽ നിന്നുള്ള യുവാവ്. കഴിഞ്ഞ രണ്ട് വർഷം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് മഹാരാഷ്‌ട്ര സ്വദേശിയായ യുവാവ് നേട്ടം കരസ്ഥമാക്കിയത്. വാഷിം ജില്ലയിലെ കാർഷിക കുടുംബത്തിൽ നിന്നുള്ള നീലകൃഷ്ണ ഗജരെയാണ് പരീക്ഷയിൽ വിജയിച്ചത്.
ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ മെയിൻസിലാണ് അഖിലേന്ത്യ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.വാഷിമിലെ ബെൽഖെഡിലാണ് സ്വദേശം. എല്ലാ ദിവസവും 10 മണിക്കൂറിലധികമാണ് പരീക്ഷയ്‌ക്ക് തയാറെടുക്കുന്നതിനായി യുവാവ് സമയം ചിലവഴിച്ചിരുന്നത്. ഇന്നലെയാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ ജെഇഇ മെയിൻ ഫലം പ്രഖ്യാപിച്ചത്.
മകന് ലഭിച്ച നേട്ടത്തിൽ അഭിമാനമുണ്ടെന്ന് നീലകൃഷ്ണയുടെ പിതാവ് നിർമൽ ഗജാരെ പറഞ്ഞു. അകോലയിലെ രാജേശ്വർ കോൺവെന്റിലും വാഷിമിലെ കരഞ്ജലാഡിലെ ജെസി ഹൈസ്‌കൂളിലുമായിരുന്നു നീലകൃഷ്ണ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വിദ്യാഭ്യാസ രംഗത്തെന്നപോലെ കായിക രംഗത്തും നീലകൃഷ്ണൻ മികവ് പുലർത്തിയിരുന്നു. നിലവിൽ ഷെഗാവിലെ ശ്രീ ജ്ഞാനേശ്വർ മസ്‌കുജി ബുറുംഗലെ സയൻസ് ആൻഡ് ആർട്സ് കോളേജ് വിദ്യാർത്ഥിയാണ് നീലകൃഷ്ണ.
പുലർച്ചെ നാല് മണിയോടെ എഴുന്നേൽക്കുന്ന നീലകൃഷ്ണ രണ്ട് മണിക്കൂർ പഠനത്തിനായി ചിലവഴിച്ച ശേഷം ശ്വസന വ്യായാമത്തിൽ ഏർപ്പെടും. തുടർന്ന് രാവിലെ 8.30-ഓടെ വീണ്ടും പഠനം ആരംഭിക്കും. രാത്രി 10 മണിയോടെ ഉറങ്ങുകയും ചെയ്യുമെന്ന് ഗജരെ പറഞ്ഞു. ഐഐടി ബോംബെയിൽ തുടർ പഠനമാണ് നീലകൃഷ്ണ ലക്ഷ്യം വയ്‌ക്കുന്നതെന്നും ശാസ്ത്രജ്ഞനാകുക എന്നതാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: