ചെങ്ഡു: തോമസ് കപ്പ്, ഊബര്‍ കപ്പ് ബാഡ്മിന്റണിന് ഇന്ന് ചൈനയിലെ ചെങ്ഡുവില്‍ തുടക്കം. നിലവിലെ ജേതാക്കളായ ഭാരതം ഇന്ന് ആദ്യ പോരാട്ടത്തില്‍ തായ്ലന്‍ഡിനെ നേരിടും. ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം.
18 അംഗ ഭാരത സംഘമാണ് ചെങ്ഡുവിലെത്തിയിരിക്കുന്നത്. തോമസ് കപ്പിന് പത്തംഗ പുരുഷ ടീമും ഊബര്‍ കപ്പില്‍ എട്ടംഗ വനിതാ ടീമും ആണ് പങ്കെടുക്കുക.
ലോകറാങ്കില്‍ മൂന്നാമതുള്ള പുരുഷ ഇരട്ട സഖ്യം സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി ആണ് ഭാരതത്തെ മുന്നില്‍ നിന്ന് നയിക്കുക. സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ്, ലക്ഷ്യ സെന്‍, കിഡംബി ശ്രീകാന്ത് എന്നിവും ഉള്‍പ്പെടുന്നു. ഡബിള്‍സില്‍ പ്രിയാന്‍ഷു രജാവത്ത്- കിരണ്‍ ജോര്‍ജ് സഖ്യം, ധ്രുവ് കപില- സായി പ്രതീക് സഖ്യവും മത്സരിക്കുന്നുണ്ട്. എം.ആര്. അര്ജുന് ആണ് മാറ്റുരയ്ക്കുന്ന മറ്റൊരു ഭാരത സിംഗിള്‍സ് താരം.
രണ്ട് വര്‍ഷം മുമ്പ് ബാങ്കോക്കില്‍ നടന്ന തോമസ് കപ്പില്‍ ഫൈനലില്‍ ഇന്തോനേഷ്യയെ തോല്‍പ്പിച്ചാണ് ഭാരതം കിരീടം നേടിയത്. ചരിത്രത്തില്‍ ആദ്യമായാണ് 2022ല്‍ ഭാരതം കിരീടത്തില്‍ മുത്തമിട്ടത്. ഫൈനലില്‍ 3-0നാണ് ഇന്തോനേഷ്യയെ തോല്‍പ്പിച്ചത്.
ഇക്കുറി ഭാരതം ഉള്‍പ്പെട്ട ഗ്രൂപ്പ് സിയിലാണ് ഇന്തോനേഷ്യയും പ്രാഥമിക റൗണ്ടിലുള്ളത്. ഇന്ന് നേരിടേണ്ട തായ്ലന്‍ഡിന് പുറമെ ഇംഗ്ലണ്ട് കൂടി ഇതേ ഗ്രൂപ്പിലുണ്ട്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാനത്തെയും മൂന്നാമത്തെയും മത്സരത്തിലാണ് ഭാരതം ഇന്തോനേഷ്യയെ നേരിടുക. ബുധനാഴ്ചയാണ് മത്സരം. ഏറ്റവും കൂടുതല്‍ പ്രാവശ്യം തോമസ് കപ്പ് സ്വന്തമാക്കിയ ടീം ആണ് ഇന്തോനേഷ്യ. 14 ടൈറ്റിലുകള്‍. തിങ്കളാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ ഭാരതം ഇംഗ്ലണ്ടിനെ നേരിടും.
എമുതല്‍ ഡി വരെ നാല് ഗ്രൂപ്പുകളാണ് തോമസ് കപ്പിലുള്ളത്. പ്രാഥമി ഘട്ടത്തില്‍ മുന്നിലെത്തുന്ന രണ്ട് വീതം ടീമുകല്‍ നോക്കൗട്ടിലേക്ക് മുന്നേറും. തുടര്‍ന്ന് ക്വാര്‍ട്ടറും സെമിയും കടന്ന് ജേതാക്കളെ നിര്‍ണയിക്കുന്ന ഫൈനല്‍ പോരാട്ടം. മെയ് അഞ്ചിനാണ് ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: