ലണ്ടന്‍: ലണ്ടനിലെ ഭാരത ഹൈക്കമ്മിഷന് നേരെ ആക്രമണവും അതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളിലേയും പ്രതി എന്‍ഐഎ പിടിയിലായി. യുകെ ഹൗന്‍സ്ലോ നിവാസി ഇന്ദര്‍പാല്‍ സിങ് ഗാബയാണ് അറസ്റ്റിലായത്.
2023 മാര്‍ച്ചിലാണ് ഭാരത ഹൈക്കമിഷന് നേരെ ഖാലിസ്ഥാന്‍ ഭീകരര്‍ ആക്രമണം നടക്കുന്നത്. പിന്നാലെ നടന്ന പ്രതിഷേധത്തിനിടെ അരങ്ങേറിയ നിയമവിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് നടന്നത്.
ഭാരത ഹൈക്കമ്മിഷന് ഉദ്യോഗസ്ഥരെ ലക്ഷ്യംവെച്ച് ആക്രമണങ്ങള്‍ അഴിച്ചുവിടാനുള്ള ശ്രമമായിരുന്നു ഇതിനു പിന്നിലെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. മാര്‍ച്ച് 18ന് ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ്ങിനെതിരെ പഞ്ചാബ് പോലീസ് സ്വീകരിച്ച നടപടിക്ക് പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് എന്‍ഐഎ അറിയിച്ചു. ഭാരത ഹൈക്കമ്മിഷന് ഓഫീസില്‍ സ്ഥാപിച്ചിരുന്ന പതാകകളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു.
ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. ഒരുദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും കെട്ടിടത്തിനു നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്. യുകെയിലെ മുതിര്‍ന്ന നയതന്ത്ര വിദഗ്ധരുമായി കേന്ദ്ര വിദേശ മന്ത്രാലയ പ്രതിനിധികള്‍ സംസാരിച്ചതിന് ശേഷമാണ് എന്‍ഐഎ പ്രതിക്കെതിരെ നടപടി സ്വീകരിച്ചത്.
സംഭവത്തില്‍ ആദ്യം ദല്‍ഹി പോലീസ് കേസെടുക്കുകയും എന്‍ഐഎ അത് ഏറ്റെടുക്കുകയുമായിരുന്നു. ഭാരത ഹൈക്കമ്മിഷന് നേരെ ആക്രമണം നടത്തിയതില്‍ 80 ഖാലിസ്ഥാന്‍ അനുകൂലികളെ അന്വേഷണ സംഘം നിരീക്ഷിച്ചു വരികയാണ്. ഇതില്‍ 43 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: