ചെന്നൈ: ഇളയരാജ സംഗീതം നല്കിയ പാട്ടുകളുടെയെല്ലാം അവകാശം അദ്ദേഹത്തിന് മാത്രമാണെന്ന വാദം മദ്രാസ് ഹൈക്കോടതി തള്ളി. വരികളില്ലാതെ പാട്ടുകളുണ്ടാവില്ല, അതിനാല്‍ ഗാനരചയിതാവിനും ഗായകനുമടക്കമുള്ളവര്ക്കും പാട്ടുകളില്‍ അവകാശവാദം ഉന്നയിക്കാമെന്നും ജസ്റ്റിസ് ആര്. മഹാദേവന്, ജസ്റ്റിസ് മുഹമ്മദ് ഷഫീഖ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ഇളയരാജ സംഗീതം നല്കിയ 4500 ഓളം ഗാനങ്ങളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട കേസില്‍ സംഗീത കമ്പനിയായ എക്കോ നല്കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.
‘ഇളയരാജ സംഗീതം നല്കിയ പാട്ടുകളുടെ പകര്‍പ്പവകാശം സിനിമാ നിര്‍മാതാക്കളില്‍ നിന്ന് എക്കോ കമ്പനി വാങ്ങിയിരുന്നു. ഇതിനെതിരെയുള്ള ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പാട്ടുകളുടെ അവകാശം ഇളയരാജക്കാണെന്ന് വിധിച്ചിരുന്നു. കമ്പനി അപ്പീല്‍ ഹര്‍ജി നല്കി.
സിനിമയിലെ പാട്ടുകള്‍ക്കായി സംഗീത സംവിധായകനെ നിര്‍മാതാവ് നിയോഗിക്കുന്നതോടെ പാട്ടുകളുടെ അവകാശം നിര്‍മാതാവിന് ലഭിക്കുമെന്ന് കമ്പനിയുടെ അഭിഭാഷകന് വാദിച്ചു.
ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കണമെന്ന് അഭിപ്രായപ്പെട്ട കോടതി, ജൂണ്‍ രണ്ടാം വാരം കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു. മുമ്പ് ഈ കേസ് പരിഗണിച്ചപ്പോള്‍ സംഗീതത്തില്‍ ഇളയരാജ എല്ലാവര്ക്കും മുകളിലാണെന്ന് കരുതേണ്ടെന്ന് ഇതേ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: