ന്യൂദല്‍ഹി: അയോധ്യ ക്ഷേത്രത്തില്‍പോയി ശ്രീരാമനെ തൊഴാന്‍ ഇത്രയും നാള്‍ കാത്തിരിക്കുകയായിരുന്നു രാഹുലും പ്രിയങ്ക ഗാന്ധിയും. കേരളത്തിലെ പോളിംഗ് കഴിഞ്ഞല്ലോ, ഇനി ന്യൂനപക്ഷപ്രീണനം ആവശ്യമില്ല. അതിനാല്‍ ശനിയാഴ്ച തന്നെ അയോധ്യക്ഷേത്രത്തിലേക്ക് നീങ്ങിക്കോളൂ എന്ന ട്രോള്‍ വ്യാപകമാവുകയാണ്.
കേരളത്തില്‍ രണ്ടാംഘട്ട പോളിംഗിന്റെ ഭാഗമായി ഏപ്രില്‍ 26 വെള്ളിയാഴ്ചയായിരുന്നു വോട്ടെടുപ്പ്. വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി ഇവിടുത്തെ മുസ്ലിംവോട്ടുകളില്‍ കണ്ണുവെച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മോദിയെ തോല്‍പിക്കുന്ന എന്ന ലക്ഷ്യത്തോടെ ഇവിടുത്തെ മുസ്ലിം ന്യൂനപക്ഷം ഒറ്റക്കെട്ടായി 2019ല്‍ രാഹുല്‍ ഗാന്ധിക്ക് വോട്ടുനല്‍കിയതോടെ ഏകദേശം 4,31000 വോട്ടുകളുടെ മൃഗീയ ഭൂരിപക്ഷത്തിനായിരുന്നു രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജയിച്ചത്. വയനാട്ടിലെ വോട്ടെടുപ്പ് കഴിയുന്നതുവരെ അയോധ്യ ക്ഷേത്ര സന്ദര്‍ശനം നീട്ടിവെയ്‌ക്കുകയായിരുന്നു രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എന്ന് രാഷ്‌ട്രീയ വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.
അമ്മൂമ്മയായ ഇന്ദിരാഗാന്ധിയുടെയും അച്ഛന്‍ രാജീവ് ഗാന്ധിയുടെയും കാലത്ത് സ്ഥിരം നടന്ന നാടകമായിരുന്നു ഇത്. അസമില്‍ പോകുമ്പോള്‍ ഗോത്രവര്‍ഗ്ഗക്കാരുടെ ഡ്രസിട്ട് അവരോടൊപ്പം നൃത്തമാടും. ഹൈദരാബാദ്, ബംഗാള്‍ എന്നിവിടങ്ങളില്‍ എത്തിയാല്‍ മുസ്ലിങ്ങള്‍ക്കായി വാതോരാതെ പ്രസംഗിക്കും. ഉത്തര്‍പ്രദേശില്‍ എത്തിയാല്‍ വാരണസിയിലും മറ്റുമെല്ലാം മഞ്ഞമാലയും രുദ്രാക്ഷവും കുങ്കുമവുമായി ചുറ്റിയടിക്കും. പക്ഷെ ഈ നാടകങ്ങള്‍ ഇനി 2024ല്‍ രാഹുലിന്റെയും പ്രിയങ്കയുടെയും കാലത്ത് വിലപ്പോകുമോ? കാരണം 24-7 വാര്‍ത്തകള്‍ വന്നുവീഴുന്ന ഈ സോഷ്യല്‍ മീഡിയയുടെ കാലത്ത് ഇത്തരം കള്ളങ്ങള്‍ ജനങ്ങള്‍ക്ക് എളുപ്പം കണ്ടുപിടിക്കാനാവും.
അയോധ്യാക്ഷേത്രം ഉയരുമ്പോള്‍ അതിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചവരാണ്. മുസ്ലിങ്ങളുടെ ബാബര്‍ പള്ളി പോളിച്ച് അവിടെ ക്ഷേത്രം ഉയര്‍ത്തി എന്നതായിരുന്നു ആദ്യ വിമര്‍ശനം. മോദി പ്രാണപ്രതിഷ്ഠ നടത്തുന്നതിനായി അടുത്ത വിമര്‍ശനം. ഐശ്വര്യാറായിയെപ്പോലുള്ള സിനിമാതാരങ്ങള്‍ വന്നു എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറ്റൊരു വിമര്‍ശനം (വാസ്തവത്തില്‍ അമിതാഭ് ബച്ചനും അഭിഷേകും വന്നിരുന്നെങ്കിലും ഐശ്വര്യ അയോധ്യയില്‍ എത്തിയിരുന്നില്ലെന്ന കാര്യം കൂടി മനസ്സിലാക്കാതെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവന). ദളിതരെ ക്ഷണിച്ചില്ലെന്ന വിമര്‍ശനവും ഉയര്‍ത്തി. തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ചില ശങ്കരാചാര്യന്മാരെക്കൊണ്ട് മോദി പ്രാണപ്രതിഷ്ഠനടത്തുന്നതിനെ വിമര്‍ശിച്ചു. പ്രാണപ്രതിഷ്ഠയ്‌ക്ക് ക്ഷണക്കത്ത് നല്‍കിയെങ്കിലും രാഹുലും പ്രിയങ്കയും ഇത് തള്ളിക്കളഞ്ഞു. ഇതെല്ലാം കഴിഞ്ഞാണ് യാതൊരു നാണവുമില്ലാതെ അയോധ്യസന്ദര്‍ശനത്തിന് ഒരുങ്ങുകയാണ് രാഹുലും പ്രിയങ്കയും.
ഉത്തര്‍പ്രദേശില്‍ ഹിന്ദുമതത്തിന് നല്ല ഡിമാന്‍റാണ്. അതിനാലാണ് ക്ഷണമുണ്ടായിട്ടും പ്രാണപ്രതിഷ്ഠാ സമയത്ത് അയോധ്യാക്ഷേത്രത്തില്‍ പോകാത്ത ഇരുവരും ഇപ്പോള്‍ അയോധ്യയിലേക്ക് നീങ്ങുന്നത്. അതിന് ശേഷം ഉത്തര്‍പ്രദേശിലെ രണ്ട് സീറ്റുകളില്‍- അമേഠിയിലും റായ് ബറേലിയും- ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ പോകുന്നത്.
കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മില്‍ അധികാരവടംവലിയുണ്ട്. തന്റെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയെ അമേഠിയില്‍ സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസിന് മേലുള്ള തന്റെ അധികാരം അരക്കിട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രിയങ്ക. കോണ്‍ഗ്രസില്‍ റോബര്‍ട്ട് വധേരയും പ്രിയങ്കയും രണ്ട് മക്കളും അടങ്ങുന്ന സ്വന്തം കുടുംബത്തിന്റെ അധികാരം പ്രബലമാക്കാന്‍ ഒരു പ്രത്യേക പ്രിയങ്ക ഗ്രൂപ്പ് തന്നെ കോണ്‍ഗ്രസിനുള്ളില്‍ അതീവ രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യം സമൂഹമാധ്യമത്തിലൂടെ തനിക്ക് അമേഠിയില്‍ സ്ഥാനാര്‍ത്ഥിയായാല്‍ കൊള്ളാമെന്ന് റോബര്‍ട്ട് വധേര സൂചന നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാകട്ടെ റോബര്‍ട്ട് വധേരയുടെ അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായുള്ള പോസ്റ്ററുകളും പ്രചരിച്ചിരുന്നു.
അമേഠിയില്‍ രാഹുല്‍ ഗാന്ധിയെയും റായ് ബറേലിയില്‍ പ്രിയങ്കയേയും സ്ഥാനാര്‍ത്ഥിയാക്കുമെന്ന മറ്റൊരു പ്രചാരണവും നടക്കുന്നുണ്ട്. മിക്കവാറും റായ് ബറേലിയില്‍ പ്രിയങ്ക തന്നെയായിരിക്കും സ്ഥാനാര്‍ത്ഥി എന്നറിയുന്നു. അമേഠിയില്‍ കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിയെ 55,120 വോട്ടുകള്‍ക്ക് തോല്‍പിച്ച സ്മൃതി ഇറാനിയാണ് ബിജെപി സ്ഥാനാര്‍ത്ഥി. ഇവിടെ സ്മൃതി ഇറാനി സ്വന്തം വീട് പണിത് അമേഠിയെ സ്വന്തം മണ്ഡലമാക്കി മാറ്റിക്കഴിഞ്ഞു. കൃത്യമായ വികസനപദ്ധതികള്‍ നടപ്പാക്കി അവര്‍ മുന്നേറുമ്പോള്‍ രാഹുല്‍ ഗാന്ധി ഇവിടെ മത്സരിക്കാനുള്ള ബുദ്ധിമോശം കാണിക്കില്ല. റായ് ബറേലിയില്‍ പ്രിയങ്കയാണെങ്കില്‍ അവിടെ ഗാന്ധി കുടുംബത്തില്‍ നിന്നുള്ള വരുണ്‍ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ആലോചിക്കുന്നതായി ചില സൂചനകള്‍ ഉണ്ട്. പരമ്പരാഗത ഗാന്ധി കുടുംബകോട്ടയായി അറിയപ്പെടുന്ന ലോക് സഭാ മണ്ഡലങ്ങളായിരുന്നു അമേഠിയും റായ് ബറേലിയും. എന്നാല്‍ അമേഠി കഴിഞ്ഞ തവണ കോണ്‍ഗ്രസിന് നഷ്ടമായി.
റായ് ബറേളി സോണിയാഗാന്ധി രണ്ട് ദശകത്തോളം തുടര്‍ച്ചയായി വിജയിച്ച മണ്ഡലമാണ്. ഇവിടെ ഇന്ദിരാഗാന്ധി, ഫിറോസ് ഗാന്ധി, അരുണ്‍ നെഹ്രു എന്നിവര്‍ വിജയിച്ചിട്ടുണ്ട്. ഇവിടെ 2019ല്‍ ജയിച്ചത് സോണിയാഗാന്ധിയാണ്. 2.34 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ജയം. ഗംഭീര വിജയം. ഇക്കുറി പ്രായാധിക്യം കാരണം സോണിയാഗാന്ധി മത്സരരംഗത്ത് നിന്നും പിന്‍മാറുകയും പകരം രാജ്യസഭാ സീറ്റ് നേടുകയും ചെയ്തു. പകരം മകള്‍ പ്രിയങ്ക ഗാന്ധിയെ അവിടെ നിര്‍ത്താനാണ് ശ്രമം. ഇവിടെ പ്രിയങ്കയെ തോല്‍പിക്കണം എന്ന ആഗ്രഹം ബിജെപിയ്‌ക്കുണ്ട്. അതിനാണ് വരുണ്‍ ഗാന്ധിയെ കൊണ്ടുവരുന്നത്. 2019ല്‍ പിലിബിത് ലോക് സഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച വരുണ്‍ ഗാന്ധിക്ക് ബിജെപി ആ സീറ്റ് നല്‍കിയിട്ടില്ല. ഇതാണ് വരുണ്‍ ഗാന്ധി റായ് ബറേലിയിലേക്ക് വരുമെന്ന അഭ്യൂഹത്തെ ശക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക