Categories: WorldHollywood

‘മീ ടൂ’ പ്രസ്ഥാനത്തിന് തുടക്കമിട്ട കേസില്‍ ഹാര്‍വി വൈയ്ന്‍സ്റ്റീനെ ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി വെറുതെ വിട്ടു

Published by

ഹോളിവുഡില്‍ വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിയ മീ ടൂ പ്രസ്ഥാനത്തിന് തുടക്കമിടാന്‍ വഴിയൊരുക്കിയ ഹാര്‍വി വൈയ്ന്‍സ്റ്റീനെ വെറുതെ വിട്ടുകൊണ്ട് ന്യൂയോര്‍ക്ക് അപ്പീല്‍ കോടതിയുടെ സുപ്രധാന വിധി. പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മിമി ഹലോയിയെ 2006ലും പുതുമുഖനടി ജെസ്സിക്ക മാനിനെ 2013ലും മാനഭപ്പെടുത്തി എന്ന കേസില്‍ 2020 പ്രമുഖ ഹോളിവുഡ് നിര്‍മാതാവും മിറാമാക്‌സ് സ്റ്റുഡിയോ സ്ഥാപകനുമായ ഹാര്‍വി വൈയ്ന്‍സ്റ്റീനെതിരായ ( 72) 23 വര്‍ഷത്തെ തടവു ശിക്ഷയാണ് പരമോന്നത കോടതി റദ്ദാക്കിയത്. കേസില്‍ കക്ഷിയല്ലാതിരുന്ന മൂന്നു സ്ത്രീകളെ സാക്ഷികളായി വിസ്തരിച്ചുവെന്ന പിഴവ് ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതിയുടെ വിധി തള്ളിയത്. ക്രിമിനല്‍ കേസുകളിലെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ് വിചാരണ കോടതിയുടെ നടപടിയെന്ന് കോടതി ചൂണ്ടിക്കാട്ടി. നാല് ജഡ്ജിമാരില്‍ മൂന്നുപേരും ഈ നിലപാടെടുത്തപ്പോള്‍ ലൈംഗിക പീഡനക്കേസുകളിലെ കാലഹരണപ്പെട്ട മാനദണ്ഡങ്ങള്‍ ആണ് ഭൂരിപക്ഷ വിധിക്ക് പിന്നിലെന്ന് എതിര്‍ത്ത ജഡ്ജി അഭിപ്രായപ്പെട്ടു.
‘പള്‍പ്പ് ഫിക്ഷന്‍’, ‘ഷേക്‌സ്പിയര്‍ ഇന്‍ ലവ്’ തുടങ്ങിയ ഓസ്‌കാര്‍ സിനിമകളുടെ അണിയറയില്‍ പ്രവര്‍ത്തിച്ച സ്റ്റുഡിയോ മേധാവി വെയ്ന്‍സ്റ്റീനെതിരെയുള്ള ആരോപണങ്ങളാണ് ലോകമെമ്പാടും മീ ടു പ്രസ്ഥാനത്തിന് തുടക്കമിട്ടത്. അതോടെ പ്രശസ്ത നടിമാരായ ആഷ്ലി ജഡ്, ഉമാ തുര്‍മാന്‍ എന്നിവരുള്‍പ്പെടെ ഡസന്‍ കണക്കിന് സ്ത്രീകള്‍ വെയ്ന്‍സ്റ്റെയ്നെ പ്രതിയാക്കി രംഗത്തെത്തി. അദ്ദേഹത്തിന്റെ വിചാരണ വലിയ പ്രചാരണം നേടുകയും കോലാഹലം സൃഷടിക്കുകയും ചെയ്തു. ഉഭയസമ്മതപ്രകാരമായിരുന്നു എല്ലാ ലൈംഗികബന്ധവുമെന്നാണ് വെയ്ന്‍സ്റ്റെയന്‍ വാദിച്ചത്. നിലവില്‍ മൊഹാക്ക് കറക്ഷണല്‍ ഫെസിലിറ്റിയില്‍ വെയ്ന്‍സ്റ്റീന്‍ ഇപ്പോള്‍ തടവിലാണ്. മറ്റു കേസുകള്‍ കൂടി ഉള്ളതിനാല്‍ അദ്‌ദേഹത്തിന് ജയില്‍ മോചിതാനാകാന്‍ കഴിയുമോ എന്ന് വ്യക്തമല്ല.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by