തിരുവനന്തപുരം: സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ 7 മണിയോടെ ആരംഭിച്ച പോളിങ്ങിൽ പല മണ്ഡലങ്ങളിലും നീണ്ട നിരയാണ് കാണപ്പെടുന്നത്. ആദ്യ മണിക്കൂറിൽ തന്നെ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. നിലവിൽ 20 ശതമാനം പിന്നിട്ടിരിക്കുകയാണ്. ആറ്റിങ്ങൽ, ആലപ്പുഴ, പാലക്കാട് മണ്ഡലത്തിലാണ് ഇപ്പോൾ പോളിങ് ശതമാനം കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത്.
സ്ഥാനാർത്ഥികളും രാഷ്‌ട്രീയ നേതാക്കളും ഉൾപ്പെടെയുള്ളവർ പുലർച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളിൽ എത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, തൃശൂർ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി, ഇ.പി ജയരാജൻ, എൻ.കെ പ്രേമചന്ദ്രൻ, സുനിൽ കുമാർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പാണക്കാട് സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി, തുടങ്ങി നിരവധി പേർ വോട്ട് രേഖപ്പെടുത്തി.
താൻ ഒന്നാമത് വോട്ട് ചെയ്യാൻ ആഗ്രഹിച്ചുവെന്നും, എന്നാൽ മുതിർന്ന പൗരനെത്തിയതും, ബൈ സ്റ്റാൻഡർ വന്നതും കാരണം പത്താമതായി വോട്ട് രേഖപ്പെടുത്തിയെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ അഞ്ചര മുതൽ മോക് പോളിങ് നടത്തിയിരുന്നു. ചില ബൂത്തുകളിൽ വേറെ വോട്ടിങ് മെഷീൻ എത്തിക്കേണ്ടിവന്നു. കേരളത്തിന് പുറമേ മറ്റ് 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. ഇന്ന് വൈകിട്ട് 6 മണിവരെയാണ് പോളിങ്. ജൂൺ 4 ന് വോട്ടെണ്ണൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: