ചെന്നൈ: കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റില്‍ നേട്ടം കൊയ്ത് നാട്ടില്‍ തിരിച്ചെത്തിയ ഗുകേഷിന് എയര്‍പോര്‍ട്ടില്‍ വമ്പന്‍ സ്വീകരണം. ടൊറന്റോയില്‍ നിന്നും അബുദാബി എയര്‍പോര്‍ട്ട് വഴി ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് താരം ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നത്. 17കാരനായ താരത്തിന്റെ സ്കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും കുടുംബാംഗങ്ങളും നാട്ടുകാരും അടക്കം നൂറ് കണക്കിനാളുകളാണ് പുലര്‍ച്ചെ ചെന്നൈ വിമാനത്താവളത്തില്‍ താരത്തെ വരവേല്‍ക്കാനെത്തിയത്.
ടൊറന്റോയിലെ കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റില്‍ തിങ്കളാഴ്ചയാണ് ഭാരത താരം ഗുകേഷ്.ഡി വമ്പന്‍ നേട്ടം കൈവരിച്ചത്. താരം എത്തിയ ഫ്ളൈറ്റ് ലാന്‍ഡ് ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ വരവേല്‍ക്കാനുള്ള ജന സഞ്ചയം ചെന്നൈ എയര്‍പോര്‍ട്ടില്‍ നിറഞ്ഞിരുന്നു. അഭിനന്ദന പ്രവാഹവുമായെത്തിയ ആരാധകരില്‍ നിന്നും പൊലീസ് പാടുപെട്ടാണ് എയര്‍പോര്‍ട്ടിന് പുറത്തെത്തിച്ചത്.
ഈ വിധത്തിലൊരു തിരിച്ചുവരവിന് സാധ്യമായതില്‍ വളരെയധികം സന്തോഷമുണ്ടെന്നായിരുന്നു ഗുകേഷിന്റെ ആദ്യ പ്രതികരണം. ടൂര്‍ണമെന്റിന്റെ തുടക്കം തന്നെ മികച്ചൊരു സ്പേസ് ലഭിച്ചു. അതുവഴി ഉയര്ച്ചയിലെത്താനാവുമെന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നു, പിന്നെ ഭാഗ്യവും തുണച്ചു. ഒരുപാട് പേര് ചെസിനെ വീക്ഷിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് താരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കുടുംബാംഗങ്ങള്‍ക്കും പരിശീലകനും കൂട്ടുകാര്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും നന്ദി അറിയിച്ചു. തന്റെ മികവ് വികസിക്കാന്‍ കാരണം സ്കൂളില്‍ നിന്നും ലഭിച്ച വലിയ പന്തുണയാണെന്ന് ഗുകേഷ് പറഞ്ഞു.
വിശ്വനാഥന് ആനന്ദിന് ശേഷം കാന്ഡേറ്റ് ടൂര്‍ണമെന്റില്‍ വിജയിക്കുന്ന ആദ്യ ഭാരത താരമാണ് ഗുകേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: