തൃശൂര്‍: വേനല്‍ കനത്തതോടെ ജില്ലയിലെ നിര്‍മാണ മേഖല ആശങ്കയില്‍. താപനില 38.7 കടന്നതോടെ തൊഴിലാളികള്‍ക്കു ജോലി ചെയ്യാനാവാത്ത സ്ഥിതി. ഉച്ചയ്ക്ക് 11 മുതല്‍ 3 വരെ നേരിട്ട് വെയില് ഏല്‍ക്കരുതെന്നും നിയന്ത്രണമുള്ള ഈ നേരത്ത് ഇന്‍ഡോര്‍ ജോലി മാത്രമേ ചെയ്യാവൂവെന്നും തൊഴില്‍ വകുപ്പിന്റെ ഉത്തരവുണ്ട്. വേനല്‍ക്കാലമായതിനാല്‍ ജോലി സമയം രാവിലെ 7നും വൈകിട്ട് 7നും ഇടയിലാകണമെന്നും തൊഴില്‍ വകുപ്പ് നിര്‍ദേശിക്കുന്നു.
രാവിലെ 7ന് തൊഴിലാളികളെ കിട്ടാന്‍ ബുദ്ധിമുട്ടാണ്. 9നെ മിക്കവരും വരൂ. വൈകിട്ട് 6ന് ശേഷം ജോലി ചെയ്യാനുമാവില്ല. സുരക്ഷാ കാരണങ്ങളാല്‍ രാത്രി ജോലി സാധ്യമല്ല. നാട്ടുകാര്‍ ശബ്ദത്തെക്കുറിച്ച് പരാതിപ്പെടുന്നതും പതിവാണ്. തൊഴിലാളികളുടെ ലഭ്യതയിലും കുറവുണ്ട്. എന്നാല്‍ 11 മുതല്‍ 3 വരെയുള്ള ജോലി സമയത്തിന്റെ നഷ്ടത്തെ ഇതു നികത്തുന്നില്ലെന്ന് കരാറുകാര്‍ പറയുന്നു.
പുതുക്കിയ ജോലി സമയം നിര്‍മാണ മേഖലയുടെ ഉല്പാദനക്ഷമതയെ 20 മുതല്‍ 30 ശതമാനം വരെ ബാധിച്ചതായി നിര്‍മാണ കരാറുകാര്‍ പറയുന്നു. തൊഴില്‍ വകുപ്പിന്റെ ഉത്തരവ് ലംഘിച്ച് തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്ന സംഭവങ്ങളും പലയിടത്തുമുണ്ട്. കനത്ത വേനലില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് പലയിടത്തും കാണാം. സര്‍ക്കാര്‍ കരാര്‍ ഏറ്റെടുത്ത കരാറുകാരും സ്വകാര്യ വ്യക്തികളും ഇത്തരത്തില്‍ ജോലി ചെയ്യിക്കുന്നുണ്ട്.
സമയബന്ധിതമായി ജോലി തീര്‍പ്പാക്കേണ്ടതിനാലാണ് ജോലി ചെയ്യിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. പുതുക്കിയ സമയം നിര്‍മാണ മേഖലയുടെ ഉല്പാദനക്ഷമതയെ 30 % വരെ ബാധിച്ചതായും ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്നും പറയുന്നു. നിരോധിത സമയത്ത് തൊഴില്‍ ചെയ്യിക്കുന്നവര്‍ക്കെതിരെ തൊഴില്‍വകുപ്പ് പരിശോധന നടത്തി നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: