ദുബായ്: പടിവാതില്‍ക്കലെത്തിനില്‍ക്കുന്ന ഐസിസി ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അംബാസിഡറായി സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിനെ പ്രഖ്യാപിച്ചു. ജൂണ്‍ 24ന് ആരംഭിക്കുന്ന ലോകകപ്പ് വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായാണ് നടക്കുക.
നിലവില്‍ പുരുഷന്മാരുടെ 100, 200 മീറ്ററുകളിലും 4-100 മീറ്ററിലും ലോക റിക്കാര്‍ഡിന് ഉടമയാണ് ബോള്‍ട്ട്. എട്ട് ഒളിംപിക് സ്വര്‍ണം നേടിയിട്ടുള്ള താരം 2017ല്‍ കരിയറിനോട് വിടപറഞ്ഞിരുന്നു. വെസ്റ്റിന്‍ഡീസില്‍ ഉള്‍പ്പെടുന്ന കരീബിയന്‍ രാജ്യം ജമൈക്കന്‍ സ്വദേശിയാണ് ബോള്‍ട്ട്. വെസ്റ്റിന്‍ഡീസിലേക്ക് ലോകകപ്പെത്തുന്നതില് അതിയായ സന്തോഷമുണ്ട്, അതിനായി തനിക്ക് ഒരു നിയോഗം ഏല്‍പ്പിച്ചതിനെ വലിയ മൂല്യമായി കരുതുന്നുവെന്നും ബോള്‍ട്ട് പ്രതികരിച്ചു.
അമേരിക്ക കൂടി ആതിഥ്യമരുളുന്ന ലോകകപ്പ് മുന്നില്‍ കണ്ടാണ് ഐസിസി ബോള്‍ട്ടിനെ പുതിയ ഉദ്യമം ഏല്‍പ്പിച്ചത്. താരത്തിലൂടെ അമേരിക്കയില്‍ ക്രിക്കറ്റിന് കൂടുതല്‍ പ്രചാരം ലഭിക്കാനിടയാകുമെന്ന് ഐസിസി കണക്കുകൂട്ടുന്നു. ബോള്‍ട്ടിനെ ട്വന്റി20 ലോകകപ്പിന്റെ ഭാഗമാക്കിമാറ്റാന്‍ സാധിച്ചതിനെ അഭിമാനകരമായ നേട്ടമായി കണക്കാക്കുന്നുവെന്ന് ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജിയോഫ് അല്ലാര്‍ഡൈസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: