തൃശ്ശൂര്‍: ചരിത്രത്തില്‍ ആദ്യമായി തൃശ്ശൂര്‍ പൂരം ഇടയ്ക്ക് വച്ച് നിര്‍ത്തേണ്ടി വന്ന സംഭവത്തില്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഹൈന്ദവ സംഘടനകള്‍.
പൂരം അട്ടിമറിക്കപ്പെട്ടതിന്റെ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനും വര്‍ഷങ്ങളായി പൂരം നടത്തിപ്പിന് നേരിടേണ്ടിവരുന്ന പ്രതിസന്ധികളെ കുറിച്ചും പഠിക്കുന്നതിനും പരിഹാരം നിര്‍ദേശിക്കുന്നതിനും വസ്തുതാന്വേഷണ സംഘത്തെ നിയോഗിക്കും. വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന സംഘത്തെയാണ് നിയോഗിക്കുക. ഈ സംഘം നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥിരമായ പരിഹാരത്തിനായി കേന്ദ്രസര്‍ക്കാരിന്റെ സഹായമുള്‍പ്പെടെ ആവശ്യമായ നടപടി സ്വീകരിക്കും.
പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ നേതൃത്വത്തില്‍ സമാധാനപരമായി നടത്തിക്കൊണ്ടിരിക്കുന്ന പൂരം പോലീസിന്റെയും സര്‍ക്കാരിന്റെയും അനാവശ്യ ഇടപെടല്‍ മൂലം പ്രതിസന്ധിയിലായിക്കൊണ്ടിരിക്കുന്നു. ഈ വര്‍ഷം തുടക്കം മുതല്‍ പൂരവുമായി ബന്ധപ്പെട്ട് എല്ലാ വിഷയങ്ങളിലും ഇത്തരം ഇടപെടലുകള്‍ നടന്നിരുന്നു. ഇതെല്ലാം പൂരം തന്നെ അട്ടിമറിക്കാനുള്ള ശ്രമമായിരുന്നുവോ എന്ന് സംശയിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ ക്ഷേത്ര ഉത്സവങ്ങളില്‍ മാത്രമല്ല ഹിന്ദുക്കളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകുന്നു. ഈ വര്‍ഷം പൂരം മുടക്കിയതിന്റെ പ്രധാന ഉത്തരവാദികളുടെ പേരില്‍ നിയമനടപടി സ്വീകരിക്കും.
പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ കുറ്റക്കാരായ വിഷയത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നടത്തുന്ന അന്വേഷണം ഏത് തരത്തിലായിരിക്കുമെന്ന് മനസിലാക്കാവുന്നതേയുള്ളൂ. പൂ
രം തടസപ്പെടുത്തിയ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്ത് മാറ്റിനിര്‍ത്തണം. യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണ്. അതിന്
സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ കൃത്യതയോടെ കാര്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല, ശബരിമല കര്‍മസമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്. കുമാര്‍, വിശ്വ ഹിന്ദു പരിഷത് സംസ്ഥാന ജനറല്‍സെക്രട്ടറി വി.ആര്. രാജശേഖരന്, കേരള ക്ഷേത്ര സംരക്ഷണസമിതി ജില്ലാ പ്രസിഡന്റ് കെ. സതീഷ് ചന്ദ്രന്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: