ആലപ്പുഴ: നാടിനെ ഇളക്കി മറിച്ച് തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം. മുന്നണികളുടെ ശക്തിപ്രകടനമായി മാറിയ റോഡ് ഷോയും, സമാപ പരിപാടികളും. ഒരോ നിയോജക മണ്ഡലങ്ങളിലും, മണ്ഡല കേന്ദ്രങ്ങളിലും വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന കൊട്ടിക്കലാശത്തില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു.
സ്ഥാനാര്‍ത്ഥികള്‍ റോഡ് ഷോ നടത്തിയ ശേഷമാണ് കൊട്ടിക്കലാശത്തില്‍ പങ്കെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്ത മഹാസമ്മേളനത്തോടെ എന്‍ഡിഎയുടെ കൊട്ടിക്കലാശ പരിപാടികള്‍ അവിസ്മരണീയമായി. മൂന്നു മുന്നണി സ്ഥാനാര്‍ത്ഥികളുടെയും കൊട്ടിക്കലാശ പരിപാടികള്‍ ആലപ്പുഴ നഗരത്തിലാണ് നടന്നത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ കൊട്ടിക്കലാശം മുല്ലയ്ക്കലിലാണ് നടന്നത്. ഇടതു സ്ഥാനാര്‍ത്ഥി എ. എം. ആരീഫിന്റെ പരിപാടി സക്കരിയാ ബസാറിലും, യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. സി. വേണുഗോപാലിന്റെ സമാപന പരിപാടി വട്ടപ്പള്ളിയിലുമാണ് നടന്നത്.
അമിത് ഷായുടെ പൊതുസമ്മേളനത്തിന് ശേഷം ഉച്ചകഴിഞ്ഞാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് വിവിധ മണ്ഡലങ്ങളില്‍ റോഡ് ഷോ നടത്തിയത്. റോഡ് ഷോയിലും കൊട്ടിക്കലാശത്തിലും വന്‍ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. റോഡ് ഷോയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാറും, സീരിയല്‍, സിനിമ താരം നിധിന് ജോസഫും സ്ഥാനാര്‍ത്ഥിയോടൊപ്പം തുറന്ന വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു. കഴിഞ്ഞ ഒന്നര മാസത്തിലേറെ നീണ്ടു നിന്ന ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാന ദിവസത്തിലും കുടുതല്‍ കരുത്തോടെയും ജനപങ്കാളിത്തത്തോടെയും തുടരാനായി. അമിത്ഷാ പങ്കെടുത്ത സമ്മേളനത്തിലും സംഘാടകരെ അതിശയിപ്പിക്കുന്ന പങ്കാളിത്തമാണ് ഉണ്ടായിരുന്നത്.
ഓരോ മണ്ഡലങ്ങളിലും എന്‍ഡിഎ റോഡ് ഷോയും കൊട്ടിക്കലാശവും നടത്തി കരുത്തറിയിച്ചു. നൂറു കണക്കിന് ഇരുചക്രവാഹനങ്ങളിലാണ് പ്രവര്‍ത്തകര്‍ പങ്കെടുത്തത്. ഇന്ന് പുലര്‍ച്ചെ മുതല്‍ എല്ലാ വോട്ടര്‍മാര്‍ക്കും സ്ലിപ്പ് എത്തിക്കാനുള്ള പ്രവര്‍ത്തനമാണ്. മുഴുവന്‍ വീടുകളിലും അവസാന വട്ട സമ്പര്‍ക്കം നടത്തുന്നതിന് എല്ലാ പ്രവര്‍ത്തകരും വിവിധ സ്കാഡുകളായി തിരിഞ്ഞാണ് പ്രവര്‍ത്തനം. നാളെ ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ പോകുമ്പോള്‍ ആലപ്പുഴയുടെ വികസനകുതിപ്പിനായും, രാഷ്ട്രവിരുദ്ധ മതഭീകരവാദികളുമായുള്ള കൂട്ടുകെട്ടിനെതിരെയുമുള്ള വിധിയെഴുത്ത് ഉണ്ടാകുമെന്ന് സുനിശ്ചിതമാണെന്ന് എന്‍ഡിഎ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
അമ്പലപ്പുഴയെ ആവേശത്തിലാക്കി എന്‍ഡിഎയുടെ കൊട്ടിക്കലാശം പടിഞ്ഞാറെ നടയില്‍ നടന്ന പരിപാടിയില്‍ സ്ത്രീകള്‍ അടക്കം നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്.തോട്ടപ്പള്ളി മുതല്‍ പുന്നപ്ര വരെയുള്ള പ്രദേശങ്ങളില്‍ നിന്ന് ഇരുചക്രവാഹനങ്ങളില്‍ അടക്കം എത്തിയ പ്രവര്‍ത്തകര്‍ കരുമാടിയില്‍ എത്തി അവിടെ നിന്ന് പടിഞ്ഞാറെ നടയില്‍ എത്തിയാണ് കൊട്ടിക്കലാശത്തിന് സമാപനം കുറിച്ചത്.ശോഭാ സുരേന്ദ്രന്റെ കട്ടൗട്ടറുകളും നരേന്ദ്ര മോദിയുടെ മുഖം മൂടികളും ധരിച്ചാണ് ഏറെയും പേര് എത്തിയത്.കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകരുടെ കൊട്ടിക്കലാശം കച്ചേരി മുക്കിലാണ് നടന്നത്.അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വന്‍ പോലീസ് സംഘങ്ങളും പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: