വാഷിംഗ്ടണ്‍: യുക്രൈന്, ഇസ്രയേല്‍ സൈനിക സഹായ ബില്ലുകളോടൊപ്പം ടിക്ടോക് നിരോധിക്കുന്ന ബില്ലും പ്രസിഡന്റ് ബൈഡന് ഒപ്പുവച്ചാലുടന്‍ നിയമമാവും. ടിക് ടോക് ഉടമ ബൈറ്റ് ഡാന്‍സ് അവരുടെ ഓഹരികള്‍ 9 മാസത്തിനകം വിറ്റഴിച്ചില്ലെങ്കില്‍ ആപ്പ് അമേരിക്കയില്‍ നിരോധിക്കപ്പെടും എന്നു വ്യവസ്ഥ ചെയ്യുന്ന ബില്‍ കഴിഞ്ഞ ദിവസം സെനറ്റും പാസാക്കി.
യുഎസില്‍ 170 മില്യണിലധികം പേര് ഉപയോഗിക്കുന്ന ആപ് നിരോധിച്ചാല്‍ കോടതിയില്‍ പോകുമെന്നാണ് ബൈറ്റ് ഡാന്‍സ് വക്താവ് മൈക്കല്‍ ബേക്കര്‍മാന്‍ പറഞ്ഞിട്ടുള്ളത്.
ചൈനയുമായുള്ള ബന്ധം മൂലം ഉണ്ടാവുന്ന സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണം കൊണ്ടുവരാന്‍ ഇരു പാര്‍ട്ടികളും സഹകരിച്ചു നീങ്ങിയത്. ഉപയോക്താക്കളുടെ ഡാറ്റ അടിച്ചു മാറ്റാന്‍ ചൈന ബൈറ്റ് ഡാന്‍സിനെ പ്രേരിപ്പിക്കും എന്നാണ് ആശങ്ക. ചൈനീസ് പ്രചാരണവും ഈ ഉപയോക്താക്കളുടെ കൈയ്യില്‍ എത്തും.
ഫസ്റ്റ് അമെന്‍ഡ്മെന്റില്‍ ഊന്നിയാവും ടിക് ടോക്കിന്റെ കേസ് എന്നു കരുതുന്നു. ഓഹരി കൈമാറുന്നത് ഉപയോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതിനു തുല്യമാണെന്ന് അവര്‍ വാദിക്കും. കാരണം, പുതിയ ഉടമ ടിക്ടോക്കിന്റെ നയങ്ങളില്‍ മാറ്റം വരുത്താം ഉപഭോക്താക്കളുടെ ഡാറ്റ ടിക് ടോക്ക് കൈകാര്യം ചെയ്യുന്നതില്‍ അമേരിക്കന്‍ നിയമ വിദഗ്ദ്ധര്‍ നേരത്തെ ആശങ്ക അറിയിച്ചിരുന്നു.
അമേരിക്കയില്‍ മാത്രം പത്ത് കോടി യുവാക്കളാണ് നിലവില്‍ ടിക് ടോക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ടിക് ടോക്കിനെ സംബന്ധിച്ച് അമേരിക്കയുടെ ഈ തീരുമാനം വന്‍ പ്രതിസന്ധിയാണ് ഉണ്ടാക്കാന്‍ പോകുന്നത്.
നേരത്തെ ടിക് ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനമേര്‍പ്പെടുത്തിയിരുന്നു. സ്വകാര്യതാ പ്രശ്നങ്ങളും മറ്റും പരിഗണിച്ചാണ് ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത്. കേന്ദ്ര ഐ.ടിമന്ത്രാലയമാണ് ഈ ആപ്പുകള്‍ നിരോധിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: