മഞ്ഞുമ്മൽ ബോയ്‌സിന്റെ നിർമ്മാതാക്കൾക്കെതിരെ കേസ്. നിർമ്മാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നേരത്തെ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിൽ നിർമ്മാതാക്കളായ പറവ ഫിലിംസിന്റെയും, പാർട്ണർ ഷോൺ ആന്റണിയുടെയും ബാങ്ക് അക്കൗണ്ടുകൾ കോടതി മരവിപ്പിച്ചിരുന്നു.ചിത്രം നിർമ്മിക്കുന്നതിനായി തന്റെ പക്കൽ നിന്നും 7 കോടി രൂപ കൈപ്പറ്റുകയും സിനിമയുടെ ലാഭവിഹിതത്തിൽ നിന്ന് 40% നൽകാം എന്ന് പറഞ്ഞ് പറ്റിച്ചെന്നും ഹർജിയിൽ പറയുന്നു.
സിനിമ വൻ വിജയമായ ശേഷം ലാഭവിഹിതമോ മുടക്കിയ തുകയോ തരാതെ തന്നെ പറ്റിക്കുകയായിരുന്നെന്നും ഹമീദ് പറഞ്ഞു. ഹർജിയിൽ ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് കോടതി നോട്ടീസും അയച്ചു.. ആഗോള തലത്തിൽ ഇതുവരെ ചിത്രം 220 കോടി രൂപയോളം കളക്ഷൻ നേടി. ഒടിടി പ്ലാറ്റഫോമുകൾ മുഖേന 20കോടി രൂപയും നേടിയിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: