കോഴിക്കോട്: ലോക പുസ്തക ദിനത്തില്‍, കവിയും ജന്മഭൂമി ഡെപ്യൂട്ടി എഡിറ്ററുമായ കാവാലം ശശികുമാറിന്റെ ‘അവനവന്‍ കടമ’ പുസ്തകം പ്രകാശനം ചെയ്തു. കോഴിക്കോട് വേദക്ഷേത്രം ഹാളില്‍ നടന്ന ചടങ്ങില്‍ ആചാര്യശ്രീ എം.ആര്‍. രാജേഷ് എഴുത്തുകാരന്‍ ഡോ. ഗോപി പുതുക്കോടിന് നല്കി പ്രകാശനം നിര്‍വഹിച്ചു.
വായനയിലേക്ക് പുതിയ തലമുറയെ ആകര്‍ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ടത് അനിവാര്യമാണെന്ന് ആചാര്യശ്രീ രാജേഷ് പറഞ്ഞു. ലോകം നേരിടുന്ന കാലുഷ്യങ്ങള്‍ക്കെതിരായ മികച്ച ഉപാധിയാണ് നല്ല പുസ്തകങ്ങള്‍. ആനുകാലിക വിഷയങ്ങള്‍ക്ക് സര്‍വകാലം നിലനില്‍ക്കുന്ന വ്യാഖ്യാന നിരീക്ഷണങ്ങള്‍ നല്കി വിശകലനം ചെയ്യാനുള്ള കഴിവ് അസാധാരണ സിദ്ധിയാണ്. അത്തരത്തിലുള്ള ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥമെന്നും അദ്ദേഹം പറഞ്ഞു.
തുറന്നെഴുതാനും പറയാനും വിലക്കുകളും മടിയും എഴുത്തുകാര്‍ സ്വയംസ്വീകരിച്ചിരിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന കാലത്ത് അവനവന്‍ കടമ പോലുള്ള പുസ്തകങ്ങള്‍ ആശ്വാസവും പ്രതീക്ഷയുമാണെന്ന് ഡോ. ഗോപി പുതുക്കോട് പറഞ്ഞു. ഗുരുവായൂരപ്പന്‍ കോളജ് മലയാളം വിഭാഗം മേധാവി ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.
ഒറ്റ വായനയില്‍ തീര്‍ന്നു പോകാതെ, വായനക്കാരനെ തുടര്‍ ചിന്തയിലേക്ക് നയിക്കുന്ന നിരീക്ഷണങ്ങളാണ് പുസ്തകത്തിന്റെ സവിശേഷതയെന്ന് അദ്ദേഹം പറഞ്ഞു. ജന്മഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററും കവിയുമായ കെ. മോഹന്‍ദാസ് പുസ്തകം പരിചയപ്പെടുത്തി. കാവാലം ശശികുമാര്‍, എം.ആര്‍. വേദലക്ഷ്മി, കെ. ശശിധരന്‍ വൈദിക് സംസാരിച്ചു. പൂര്‍ണ പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: